തിരുവനന്തപുരം: പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കാമുകി ഗ്രീഷ്മയുടെ മൊഴി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതി-2 രേഖപ്പെടുത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു.
പൊലീസ് നിർബന്ധിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഗ്രീഷ്മ പറഞ്ഞു. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് ഗ്രീഷ്മ പൊലീസിനു മൊഴി നൽകിയിരുന്നത്.
ഗ്രീഷ്മയുടെ മൊഴി അന്വേഷണത്തെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതികൾ കോടതിയിൽ കുറ്റം നിഷേധിക്കാറാണു പതിവ്. ശാസ്ത്രീയ തെളിവുകൾ കേസിൽ ശേഖരിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ മൊഴി വിഡിയോയിൽ രേഖപ്പെടുത്തി. 70 ദിവസത്തിനകം കുറ്റപത്രം സമർപിക്കും. കസ്റ്റഡി വിചാരണയ്ക്കാണ് പൊലീസ് നീക്കം നടത്തുന്നത്. നെയ്യാറ്റിൻകര കോടതിയിൽനിന്ന് അനുമതി ലഭിച്ചില്ലെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്. ഷാരോൺ വധത്തിൽ ഗ്രീഷ്മയ്ക്കു പുറമേ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരൻ നിർമൽ കുമാറിനെയും അറസ്റ്റു ചെയ്തിരുന്നു. അമ്മയ്ക്കും സഹോദരനും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് പൊലീസ് പറയുന്നു.
ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ കർഷകനാണ്. അമ്മാവൻ വാങ്ങിയ കീടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയിൽ ശേഖരിച്ചു കഷായത്തിൽ കലർത്തി ഷാരോണിനു നൽകുകയായിരുന്നു. അമ്മാവനാണ് വിഷം നൽകിയ കുപ്പി ഉപേക്ഷിച്ചത്. ഷാരോൺ അവശനിലയിലായതോടെ ഷാരോണിന്റെ ബന്ധുക്കൾക്കു ഗ്രീഷ്മയുടെ നീക്കങ്ങളിൽ സംശയം ഉണ്ടായി. തുടർന്ന് പാറശാല പൊലീസിൽ പരാതി നൽകുകയായിരുന്നു.