തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി വി.എൻ.വാസവൻ നടത്തിയ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടൻ ഇന്ദ്രൻസ്. ‘‘ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല.
അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമിതാഭ് ബച്ചനെ പോലെയിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെ ആയി എന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്. മന്ത്രിയുടെ പരാമർശം ബോഡി ഷെയിമിങ് ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുകയും തുടർന്ന് മന്ത്രിസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ആയിരുന്നു.