സെനറ്റ് നിഴൽയുദ്ധം നടത്തിയെന്ന് ഗവർണർ; വ്യക്തി താൽപര്യം അരുതെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: കേരള സർവകലാശാല സെനറ്റ് ചാൻസലറായ താനുമായി നിഴൽ യുദ്ധം നടത്തുകയാണ് ചെയ്തതെന്ന് ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിൽ. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമം നിർദേശം ചെയ്തിരുന്നെങ്കിൽ അതിന് അനുസൃതമായി പുതിയ വിജ്ഞാപനം ഇറങ്ങുമായിരുന്നു എന്ന് ചാൻസലർ കോടതിയിൽ അറിയിച്ചു.

അതിനു പകരം തന്റെ നടപടിയ്‌ക്കെതിരെ പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ പ്രവർത്തിച്ചു. തുടർന്നാണു പ്രീതി പിൻവലിക്കേണ്ടി വന്നതെന്നും ഗവർണർ വിശദീകരിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ചാൻസലറുടെ വ്യക്തിപരമായ താൽപര്യത്തിനല്ല, നിയമപരമായി മാത്രമാണ് ‘പ്രീതി’ എന്ന ആശയം പ്രവർത്തിക്കേണ്ടതെന്നു ഹൈക്കോടതി വ്യക്തമാക്കി. പുറത്താക്കിയ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതി നിലപാടു വ്യക്തമാക്കിയത്. ചാൻസലർ ദുരുദ്ദേശ്യപരമായി പ്രവർത്തിച്ചു എന്നല്ല പറയുന്നതെന്നും കോടതി വിശദീകരിച്ചു. കേസിൽ വാദം പൂർത്തിയാക്കിയ കോടതി, നാളെ വിധി പറയാൻ മാറ്റി വച്ചു.

പുറത്താക്കൽ നിയമ വിരുദ്ധമാണെന്നും, നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. വൈസ് ചാൻസലർ (വിസി) നിയമനത്തിനായി ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് അടക്കം ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. വിസി നിയമന നടപടികൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയിൽ നേരത്തേ സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നാമനിർദേശം ചെയ്യാൻ സെനറ്റിന് കോടതി നിർദേശം നൽകിയിരുന്നു.

സർവകലാശാലാ വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ വിജ്ഞാപനം മാറ്റണമെന്ന ശാഠ്യമെന്തിനാണെന്നും സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് ഒരാളെ നിർദേശിച്ചാൽ അവസാനിക്കുന്ന പ്രശ്മേയുള്ളൂവെന്നും നേരത്തേ ഹർജി പരിഗണിക്കുമ്പോൾ കോടതി വിശദീകരിച്ചിരുന്നു.

Advertisement