തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നു മാസം മാത്രം ശേഷിക്കേ കേരളത്തിന്റെ പദ്ധതിപ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി കൂടുതൽ പ്രതിസന്ധിയിലാകുകയും നിത്യനിദാനചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പദ്ധതി പ്രവർത്തനം കൂടുതൽ അവതാളത്തിലാകുമോയെന്ന ആശങ്കയും പൊതുവിലുണ്ട്. ഇതുവരെയായി പദ്ധതിയുടെ 35% മാത്രമാണു പൂർത്തിയായത്.
നടപ്പുസാമ്പത്തിക വർഷത്തേക്ക് 39,640.19 കോടി രൂപയുടെ പദ്ധതിക്കാണു രൂപം നൽകിയിരുന്നത്. ഇതിൽ 22,322 കോടി രൂപയുടെ സംസ്‌ഥാന പദ്ധതിയും 8,048 കോടി രൂപയുടെ തദ്ദേശപദ്ധതികളുമാണുള്ളത്. കൂടാതെ 9,270.19 കോടി രൂപ കേന്ദ്രം നൽകുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുമുണ്ട്. പദ്ധതി പ്രവർത്തനം തുടങ്ങി മാസം എട്ടാകാറായിട്ടും മൊത്തം 38.99% പുരോഗതി മാത്രമാണു പദ്ധതിയിൽ ഉണ്ടായിട്ടുള്ളത്. ഇനി അവശേഷിക്കുന്ന നൂറുദിവസം കൊണ്ടുവേണം പദ്ധതിയുടെ ബാക്കി പൂർത്തിയാക്കേണ്ടത്.
സാധാരണ സാമ്പത്തികവർഷത്തിന്റെ അവസാനമാണു പദ്ധതി പ്രവർത്തനം കൂടുതൽ നടക്കാറുള്ളതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും ആ രീതി മാറ്റുമെന്നാണു തുടക്കംമുതൽ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇപ്പോഴും പഴയനില തന്നെയാണു തുടരുന്നതെന്നും ആരോപണമുണ്ട്. എന്നാൽ സംസ്‌ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടാണു പദ്ധതി ഇഴയുന്നതിനുള്ള പ്രധാനകാരണമെന്നു ധനകാര്യവൃത്തങ്ങളും സൂചിപ്പിക്കുന്നു.
സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി അത്ര മെച്ചമല്ലെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ തന്നെ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജി.എസ്.ടി. നഷ്‌ടപരിഹാരം നിർത്തലാക്കുന്നതും വായ്‌പാ പരിധി വെട്ടികുറച്ചതുമാണു കേരളത്തിനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നത്. കൂടാതെ റവന്യുകമ്മി കുറയ്‌ക്കുന്നതിനുള്ള ഗ്രാന്റും അവസാനിക്കുകയാണ്. ഇവയിലൂടെ മാത്രം ഏകദേശം 17,500 കോടിയിലധികം രൂപയുടെ കുറവാണ് കേരളത്തിന്റെ വാർഷിക വരുമാനത്തിലുണ്ടായിരിക്കുന്നത്. പെട്രോൾ-ഡീസൽ വിലവർധനയുടെ ഭാഗമായി വർധിച്ച നിരക്കിൽ ലഭിച്ചിരുന്ന ഇന്ധനനികുതിയായിരുന്നു സംസ്‌ഥാനത്തിന് ആശ്രയം. എന്നാൽ അതിലും കുറവുണ്ടാകുന്നതായാണു കണക്കുകൾ വ്യക്‌തമാക്കുന്നത്.
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നശേഷം പ്രധാനമായും കിഫ്‌ബിയെ ആശ്രയിച്ചാണു സംസ്‌ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നത്. വാർഷിക പദ്ധതികളെക്കാൾ കൂടുതൽ ഊന്നൽ കിഫ്‌ബി പദ്ധതിക്കായിരുന്നു. എന്നാൽ കിഫ്‌ബിയുടെ വായ്‌പയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട് സംസ്‌ഥാനത്തിന് വലിയ തിരിച്ചടിയായി. അതോടൊപ്പം മറ്റ് നിയന്ത്രണങ്ങൾ കൂടിയായതോടെ വല്ലാത്ത പ്രതിസന്ധിയിലായിട്ടുണ്ട്.
ജി.എസ്.ടി വരുമാനത്തിൽ ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ തന്നെ നല്ല പ്രവണതയാണു കാണിക്കുന്നത്. അപ്പോഴും വർഷത്തിന്റെ ആദ്യമാസങ്ങളിൽ ഉണ്ടായിരുന്ന കുതിപ്പ് ഇപ്പോൾ കാണുന്നില്ലെന്നാണ് യഥാർഥ്യം.
ഈ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം ജി.എസ്.ടിയിൽനിന്നുണ്ടായത് മേയ് മാസമായിരുന്നു. ആ മാസം 5,944.5 കോടി രൂപയാണു ജി.എസ്.ടി ഇനത്തിൽ ലഭിച്ചത്. അതുകഴിഞ്ഞ് നികുതിവരുമാനം ക്രമാനുഗതമായി കുറഞ്ഞുവരുന്ന പ്രവണതയാണ്.
ഓണമാസത്തിൽ പോലും കുറവ് പ്രകടമായിരുന്നു. അൽപ്പമെങ്കിലും ഉണർവുണ്ടായത് ഒക്‌ടോബർ മാസത്തിലാണ്. ആ മാസം 5,126.97 കോടി രൂപയായി നികുതിവരുമാനം ഉയർന്നിരുന്നു. ക്രിസ്‌മസും പുതുവത്സരവും പോലുള്ള ഇനിയുള്ള മാസങ്ങളിൽ ജി.എസ്.ടി വരുമാനം വർധിക്കുമെന്നാണു ധനവകുപ്പും കരുതുന്നത്.
ജി.എസ്.ടി. വരുമാനം ശമ്പളവും പെൻഷനും പലിശയും പോലുള്ള നിത്യനിദാനചെലവുകൾക്ക് മാത്രമേ തികയുകയുള്ളു. ഇതിനുള്ള പരിഹാരം എന്തെന്നതിൽ സർക്കാരിന് വ്യക്‌തതയുമില്ല.
പദ്ധതിപ്രവർത്തനങ്ങളിലെ തടസം സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതിയെ ബാധിക്കുമെന്നും ഭയമുണ്ട്. വിപണിയിൽ പണമിറങ്ങിയില്ലെങ്കിൽ സർക്കാർ ഖജനാവിന് ലഭിക്കേണ്ട വരുമാനത്തിൽ വലിയ കുറവുണ്ടാകും. ഈ വരുമാന വരൾച്ച അത്തരം ഒരു ഭീഷണിയും സംസ്‌ഥാനത്തിനുണ്ടാക്കിയിട്ടുണ്ട്. ഭാവിയിൽ ഇത് ഏത് തരത്തിൽ സംസ്‌ഥാനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്‌തമായിട്ടുണ്ട്.