തിരുവനന്തപുരം: മാനഹാനി ഭയന്ന് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ മാതാപിതാക്കൾക്കു കൈമാറി. മാതാപിതാക്കളുടെ അപേക്ഷ കണക്കിലെടുത്താണു കുഞ്ഞിനെ കൈമാറിയത്. ഡിഎൻഎ പരിശോധന ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി.
വിവാഹത്തിനു മുൻപു ഗർഭം ധരിച്ചുണ്ടായ കുഞ്ഞിനെ സദാചാരഭീതിയിൽ മാതാപിതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞ്. വിവാഹം നടക്കുമ്പോൾ യുവതി എട്ടു മാസം ഗർഭിണിയായിരുന്നു. പിന്നീട് ഇരുവരും തിരുവനന്തപുരത്ത് വാടക വീടെടുത്തു താമസമാക്കി. മേയിൽ പ്രസവിച്ചു. ജൂലൈ 17ന് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു. പിന്നീടു കടുത്ത മാനസികസമ്മർദം അനുഭവിച്ച ദമ്പതികൾ കുഞ്ഞിനെ വീണ്ടെടുക്കാൻ തീരുമാനിക്കുകയായിരുന്നു.