സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്ന പരിഹാരത്തിന് ഓൺലൈൻ സംവിധാനം

Advertisement

തിരുവനന്തപുരം: സർക്കാരിന് എതിരെ സർക്കാർ ജീവനക്കാർ തന്നെ നടത്തുന്ന സർവീസ് സംബന്ധിയായ നിയമപ്പോരാട്ടങ്ങൾ വർധിക്കുന്നതു തടയാൻ സർക്കാർ ശ്രമം തുടങ്ങി. ജീവനക്കാരുടെ സർവീസ് പ്രശ്നങ്ങൾ ഓൺലൈൻ വഴി പരിഹരിക്കാൻ ഓരോ വകുപ്പിലും പോർട്ടൽ ഒരു മാസത്തിനകം സജ്ജമാക്കാൻ ചീഫ് സെക്രട്ടറി വകുപ്പ് തലവന്മാർക്കു നിർദേശം നൽകി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ശുപാർശ കണക്കിലെടുത്താണു നടപടി.
സർവീസ് സംബന്ധമായ പരാതികൾ പോർട്ടൽ വഴി സ്വീകരിച്ച് 15 ദിവസത്തിനകം ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ പോർട്ടൽ മുഖേന തന്നെ മറുപടി നൽകണം. പരിഹാരം ഉണ്ടായില്ലെങ്കിൽ മാത്രമേ ജീവനക്കാർ കോടതി നടപടികളിലേക്കു നീങ്ങാൻ പാടുള്ളൂ. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ കോടതികളെ സമീപിക്കാൻ വിലക്കില്ല. ഓൺലൈൻ പോർട്ടൽ തയാറാക്കുന്നതിന്റെ ഏകോപനം ഐടി വകുപ്പുമായി കൂടിയാലോചിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.

സർവീസ് സംബന്ധമായ പരാതികളിൽ കോടതിയെ സമീപിക്കും മുൻപ് സർവീസ് ചട്ടങ്ങളിൽ പറയുന്ന ലഭ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമത്തിന്റെ വകുപ്പ് 20(1)ൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ട്രൈബ്യൂണൽ ഉൾപ്പെടെ ഉള്ള കോടതികളിൽ ആയിരക്കണക്കിനു കേസുകളാണു നിലവിലുള്ളത്.