തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകട ഉടമ മർദ്ദിച്ചതായി പരാതി. പുതുക്കുറിച്ചി ചേരമാൻ തുരുത്ത് സ്വദേശി സമീർ, മകൻ പ്ലസ് വൺ വിദ്യാർഥി സഅദിസമി എന്നിവർക്കാണ് മർദ്ദനമേറ്റത്.
ചായ മോശമായതിനെ ചോദ്യം ചെയ്തുള്ള വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. കഴക്കൂട്ടം ദേശീയപാതയിൽ അൽ ഉദ്മാൻ സ്കൂളിനു സമീപമുള്ള തട്ടുകടയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സമീറിന്റെ ഭാര്യ ആശുപത്രിയിൽനിന്നു മടങ്ങവേ ചായ കുടിക്കുന്നതിനായി നാസുമുദ്ദീന്റെ തട്ടുകടയിലെത്തി. ചായ നൽകിയപ്പോൾ ചായ മോശമാണെന്നും മറ്റൊരു ചായ വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ചായ നൽകില്ലെന്ന് നാസുമുദ്ദീൻ പറഞ്ഞതോടെ സമീറും മകനും ഇത് ചോദ്യം ചെയ്യുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടർന്ന് നാസുമുദ്ദീൻ സമീറിനെയും മകനെയും മർദ്ദിച്ചു എന്നാണ് പരാതി. സമീറിന്റെ ചുണ്ടിന് സരമായി പരുക്കേറ്റിട്ടുണ്ട്. സമീറിന്റെ പരാതിയിൽ നാസിമുദ്ദീനെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു. തട്ടുകടയുടെ മുന്നിൽ ആംബുലൻസ് നിർത്തിയതിന് ആംബുലൻസ് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലൻസിന്റെ ടയർ കുത്തിക്കീറുകയും ചെയ്തതിന് നാസുമുദ്ദീനെതിരെ നേരത്തെയും കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.