കൊല്ലം: വീട്ടിൽ നിന്ന് അഞ്ച് പവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം വിളക്കു പാറ സ്വദേശിനി സബീനയെയാണ് പൂയപ്പള്ളി പോലീസ് ആസ്റ്റ് ചെയ്തത്. വാപ്പാല സ്വദേശിനി ദിവ്യാ വിനോദിന്റെ വീട്ടിൽ നിന്നാണ് പ്രതി സ്വർണാഭരണങ്ങൾ കവർന്നത്.
കഴിഞ്ഞ രണ്ടുമാസമായി വാപ്പാല സ്വദേശിനിയായ ദിവ്യാ വിനോദിന്റെ വീട്ടിൽ ഹോംനേഴ്സ് ആയി ജോലി നോക്കി വരികയായിരുന്നു സബീന. ഈ മാസം പത്തിന് സബീന ജോലി ഉപേക്ഷിച്ചു. ഇതിനിടെയാണ് വീട്ടിൽനിന്ന് സ്വർണ്ണം നഷ്ടപ്പെട്ടത്. ജോലി ഉപേക്ഷിച്ചതോടെ സബീനയാകാം മോഷണം നടത്തിയതെന്ന് വീട്ടുകാർ സംശയിച്ചു. ആദ്യഘട്ടത്തിൽ സബീനയെ ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
അന്വേഷണം പുരോഗമിക്കുന്നതിനിടെ സബീനയുടെ മൊബൈൽ ഫോണിൽ ബാങ്കിൽ നിന്ന് വന്ന ഒരു സന്ദേശം നിർണായകമായി. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിളക്കു പാറ മുത്തൂറ്റ് ബാങ്കിൽ സ്വർണ്ണാഭരണങ്ങൾ പണയം വച്ചതായി കണ്ടെത്തി. പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നര പവന്റെ അരഞ്ഞാണം , വിവാഹ മോതിരങ്ങൾ , കൈ ചെയിൻ, കാപ്പ്, കമ്മൽ എന്നിവയാണ് മോഷ്ടിച്ചത്. 1,60,000 രൂപ വിലവരുന്നതാണ് മോഷണ വസ്തുക്കൾ.