സി.രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം; എം.തോമസ് മാത്യുവിന് പുരസ്കാരം

Advertisement

ന്യൂഡൽഹി: എഴുത്തുകാരൻ സി.രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം. രാജ്യത്തെ മുതിർന്ന സാഹിത്യകാരൻമാർക്ക് നൽകുന്ന അംഗീകാരമാണിത്. എം.ടി.വാസുദേവൻ നായരാണ് നേരത്തേ ഈ അംഗീകാരം ലഭിച്ച മലയാളി എഴുത്തുകാരൻ.

എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ‘ആശാന്റെ സീതായനം’ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്കാരം. വിവർത്തനത്തിനുള്ള അക്കാദമി പുരസ്കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു. കെ.പി.രാമനുണ്ണി, എസ്.മഹാദേവൻ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാദമി സമിതിയിലേക്ക് തിരഞ്ഞെടുത്തു.

നോവലിസ്‌റ്റും ചെറുകഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ സി. രാധാകൃഷ്‌ണൻ 1939 ഫെബ്രുവരി 15ന് ചമ്രവട്ടത്തു ജനിച്ചു. കൊടൈക്കനാൽ ആസ്‌ട്രോഫിസിക്കൽ ഒബ്‌സർവേറ്ററിയിൽ 1961ൽ സയന്റിസ്‌റ്റായി ചേർന്ന അദ്ദേഹം കാലാവസ്‌ഥാ വകുപ്പിന്റെ പുണെ ഓഫിസിൽനിന്ന് 1965ൽ രാജിവച്ച്. ‘സയൻസ് ടുഡെ’യിൽ ചേർന്നു. ലിങ്ക് വാർത്താ പത്രിക, പേട്രിയട്ട് ദിനപത്രം എന്നിവയുടെ അസിസ്‌റ്റന്റ് എഡിറ്റർ, വീക്ഷണം ദിനപത്രത്തിന്റെ പത്രാധിപർ, ഭാഷാപോഷിണി, മനോരമ ഇയർബുക്ക് എന്നിവയുടെ എഡിറ്റർ ഇൻ–ചാർജ്, മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ മീഡിയ കൺസൽട്ടന്റ്, സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാർഡ് (1962), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1988), വയലാർ അവാർഡ് (1990), അബുദാബി ശക്‌തി അവാർഡ് (1988), വിശ്വദീപം അവാർഡ് (1997) എന്നിവ ലഭിച്ചിട്ടുണ്ട്. നിഴൽപ്പാടുകൾ, തീക്കടൽ കടഞ്ഞ് തിരുമധുരം, എല്ലാം മായ്‌ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്‌പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി, മൃത്യോർമാ, അസതോമാ, തമസോമാ, സ്‌ത്രീപർവം, കന്നിവിള, അമൃതം, ഇതിഹാസം, തിരഞ്ഞെടുത്ത ചെറുകഥകൾ, ആലോചനം (ലേഖന സമാഹാരം), നാടകാന്തം (നാടക–കവിതാ സമാഹാരം) എന്നിവയും രചിച്ചിട്ടുണ്ട്. നോവൽ, ചെറുകഥ, ശാസ്‌ത്രം, കവിത, ലേഖനം തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ സി. രാധാകൃഷ്‌ണൻ രചിച്ചിട്ടുണ്ട്. ‘പ്രിയ’ എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ രാധാകൃഷ്‌ണൻ അഗ്നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.

1940 സെപ്റ്റംബർ 27ന് പത്തനംതിട്ട ജില്ലയിൽ കീക്കൊഴൂർ ഗ്രാമത്തിൽ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് മലയാളം എംഎ പാസായി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, ചിറ്റൂർ ഗവ. കോളജ്, കാസർകോട് ഗവ. കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ ലക്ചറർ, പ്രഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. ചാലക്കുടി പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക ഗവ.കോളജ്, പട്ടാമ്പി ശ്രീ നീലകണ്ഠശർമ സ്മാരക സംസ്കൃത കോളജ്, മൂന്നാർ ഗവ. കോളജ് എന്നീ സ്ഥാപനങ്ങളുടെ പ്രിൻസിപ്പലായും പ്രവർത്തിച്ചിട്ടുണ്ട്. 1996–ൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു. ദന്തഗോപുരത്തിലേയ്ക്ക് വീണ്ടും, എന്റ വാൽമീകമെവിടെ, സാഹിത്യദർശനം, ആത്മാവിന്റെ മുറിവുകൾ, ന്യൂ ഹ്യൂമനിസം (തർജ്ജമ), ആർ.യു.ആർ (തർജ്ജമ) തുടങ്ങിയവയാണ് പ്രധാന കൃതികൾ‌.

Advertisement