യെമനിൽ എത്തിയത് തീവ്രവാദ സംഘടനയുടെ ഭാഗമാകാനാണെന്ന ആക്ഷേപം തള്ളി തൃക്കരിപ്പൂര്‍ സ്വദേശി

Advertisement

കാസര്‍ഗോഡ്. നാടുവിട്ടത് മതപഠനത്തിന് ,വിഡിയോയുമായി യുവാവ്, യെമനിൽ എത്തിയത് തീവ്രവാദ സംഘടനയുടെ ഭാഗമാകാനാണെന്ന ആക്ഷേപം തള്ളി തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് ഷബീർ ആണ് രംഗത്ത് വന്നത്. നിയമങ്ങൾ പാലിച്ച് മതപഠനത്തിനായി എത്തിയതാണെന്നും, കുടുംബവുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഷബീര്‍ സ്വയം ചിത്രീകരിച്ച വിഡിയോയിലൂടെ വ്യക്തമാക്കി. അതേസമയം ഷബീറിനെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടില്ലെന്നും ചന്തേര പൊലീസ് സ്വമേധായ കേസ് എടുക്കുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍.

10 വർഷം മുമ്പ് ദുബായിൽ ജോലിക്കായി പോയ ഷബീറും കുടുംബവും യമനിലെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും, തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം ആരംഭിച്ചത്. തുടർന്ന് തൃക്കരിപ്പൂരിലെത്തി ഷബീറിന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ ഇവര്‍ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നെന്ന പ്രചാരണവും ശക്തമായി. ഇതോടെയാണ് യെമനിലുള്ള ഷബീര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ഷബീർ സ്ഥിരമായി ബന്ധപ്പെടാറുണ്ടെന്നും, നിലവിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും തൃക്കരിപ്പൂരിലുള്ള ബന്ധുക്കളും വ്യക്തമാക്കി

അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണമാണ് കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗം നടത്തുന്നത്. ഷബീറിനൊപ്പം യെമനിലെത്തിയെന്ന് കരുതുന്ന രണ്ട് പടന്ന സ്വദേശികളെ സംബന്ധിച്ചുള്ള വിവരങ്ങളും ഏജൻസി ശേഖരിച്ചു.

Advertisement