മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ പിതാവ് മരണമറിയുന്നത് വിമാനത്താവളത്തിലെ ടിവിയില്‍ നിന്ന്,മൃതദേഹം നാളെ എത്തിക്കും

Advertisement

കൊച്ചി. കേരളത്തെ ഒന്നാകെ സങ്കടക്കടലിലാഴ്ത്തുന്നതായിരുന്നു സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം.

സൈക്കിള്‍ പോളോ ചാമ്ബ്യന്‍ഷിപ്പിനായി നാഗ്പൂരിലേക്ക് പോയ പത്ത് വയസുകാരി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ് നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ അച്ഛന്‍ വിമാനത്താവളത്തിലെ ടിവിയില്‍ നിന്നാണ് പൊന്നോമനയുടെ മരണം അറിയുന്നത്.

ഓട്ടോ ഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ അച്ഛന്‍ ഷിഹാബുദ്ദീന് മകള്‍ ഗുരുതരാവസ്ഥയിലാണെന്ന് പറഞ്ഞ് ഫോണ്‍ എത്തുകയായിരുന്നു.

അതേസമയം നാഗ്പൂരിൽ നിദ ഫാത്തിമയുടെ പോസ്റ്റ്‌ മോർട്ടം പൂർത്തിയായി. മൃതദേഹം നാളെ രാവിലെ കേരളത്തിലെത്തിക്കും. അന്വേഷണമാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് സംസ്ഥാന സർക്കാർ
കത്തയച്ചു. ചികിത്സാ പിഴവ് ആരോപിച്ച് നാഗ്പൂരിലെ ആശുപത്രിക്കെതിരെ നിദയുടെ കുടുംബവും പരാതി നൽകി.

നിദയുടെ പോസ്റ്റ്‌ മോർട്ടം പൂർത്തിയായെങ്കിലും മരണകാരണം ഇനിയും വ്യക്തമല്ല. ചികിത്സാ പിഴവാരോപിച്ച് കുടുംബവും സംസ്ഥാന സൈക്കിൾ പോളോ ഫെഡറഷനും നാഗ്പൂർ പോലീസിൽ പരാതി നൽകി.

ദേശീയ സൈക്കിൾ പോളോ ഫെഡറേഷൻ കേരള താരങ്ങളോട് കാണിച്ച അവഗണക്കെതിരെ പ്രതിഷേധം ശക്തമാണ്. അസോസിയേഷനുകളെ കേന്ദ്രം നിയന്ത്രിക്കണമെന്ന് നിദ ഫാത്തിമയുടെ വീട് സന്ദർശിച്ച കായിക മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

ദേശീയ സൈക്കിൾ പോളോ ഫെഡറേഷനെതിരെ അഭിഭാഷകർ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണമാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്.
ആലപ്പുഴ എം പി എ എംആരിഫും വിഷയം ലോക്സഭയിൽ ഉന്നയിച്ചു .

നാളെ രാവിലെ 9.30 യോടെ മൃതദേഹം
വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷമാകും സംസ്കാരം.

Advertisement