തിരുവനന്തപുരം: മദ്യത്തിലൂടെ സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തിൽ വലിയ വർധന. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2,307 കോടിരൂപയുടെ വർധനയാണ് 2021–22 സാമ്പത്തിക വർഷം ഉണ്ടായതെന്നു സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2020–21 സാമ്പത്തികവർഷം മദ്യനികുതിയായി ലഭിച്ചത് 10,392 കോടിരൂപയാണ്. 2021–22 സാമ്പത്തിക വർഷത്തിൽ ഇത് 12,699 കോടിരൂപയായി. 5 വർഷത്തിനിടെ ലഭിച്ചത് 54,673 കോടിരൂപയുടെ നികുതി വരുമാനം. കേരള ചരക്കു സേവന നികുതി നിയമത്തിലെ ഷെഡ്യൂൾ പ്രകാരമുള്ള വിൽപ്പന നികുതിയും വിറ്റുവരവ് നികുതിയുമാണ് മദ്യവിൽപ്പനയിൽ ബാധകമായിട്ടുള്ളത്.
വിദേശമദ്യത്തിന്റെ വിൽപ്പന നികുതി അടുത്തിടെ നാലു ശതമാനം വർധിപ്പിച്ചിരുന്നു. 247% നികുതി 251% ആയി വർധിച്ചു. ഇതോടെ വിൽപ്പന വിലയിൽ രണ്ടു ശതമാനം വർധനയുണ്ടായി. വിവിധ ബ്രാൻഡുകൾക്ക് കുപ്പിക്ക് 10 രൂപ മുതൽ 20 രൂപവരെയാണ് വർധിച്ചത്. രാജ്യത്ത് മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
അഞ്ചു വർഷത്തെ മദ്യ നികുതി വരുമാനം
2017–18 – 9,606 കോടി
2018–19 – 10,903 കോടി
2019–20 – 11,073 കോടി
2020–21 – 10,392 കോടി
2021–22 – 12,699 കോടി