അബദ്ധത്തിൽ അക്കൗണ്ടിലെത്തി 2.44 കോടി; ഐ ഫോണുകൾ വാങ്ങിയും ലോണടച്ചും യുവാക്കൾ; അറസ്റ്റ്‌

Advertisement

തൃശൂർ: ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോൾ യുവാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഊരുംപേരുമില്ലാതെ എത്തിയത് 2.44 കോടി രൂപ! അബദ്ധത്തിലെത്തിയ പണമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ നാല് ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് ലോണുകൾ വീട്ടിയും ഓൺലൈൻ ട്രേഡിങ് നടത്തിയും യുവാക്കൾ പണം ചെലവാക്കിത്തീർത്തു. അമളി പറ്റിയ വിവരം ബാങ്ക് മനസ്സിലാക്കി വന്നപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപപോലും ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരാണു റിമാൻഡിലായത്.

ഏതാനും ദിവസം മുൻപാണു സംഭവം. വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് നടത്തുന്നവരാണു യുവാക്കൾ. ഇതിലൊരാൾ മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരനുമാണ്. സ്വകാര്യ ബാങ്കിന്റെ സെർവർ മെർജിങ് നടപടികൾ നടക്കുന്ന സമയത്ത് യുവാക്കളിലൊരാളുടെ അക്കൗണ്ടിലേക്ക് 2.44 കോടി രൂപ അബദ്ധത്തിൽ എത്തുകയായിരുന്നു. അത്യപൂർവമായി ഇത്തരം സംഭവങ്ങൾ നടക്കാറുണ്ടെങ്കിലും മിക്കവാറുംപേർ ബാങ്കിനെ വിവരമറിയിച്ചു തെറ്റുതിരുത്തുകയാണു പതിവ്.

എന്നാൽ, യുവാക്കൾ രണ്ടുപേരും ചേർന്ന് ആദ്യം ചെയ്തത് തങ്ങളുടെ പേരിലുണ്ടായിരുന്ന വ്യക്തിഗത ലോണുകൾ ഒന്നിച്ച് അടച്ചുതീർക്കുകയാണ്. ഇതിനു ശേഷം രണ്ടുപേരും കൂടി ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിലുള്ള 4 ഫോണുകൾ വാങ്ങി. ഓഹരിവിപണിയിലായിരുന്നു അടുത്ത കമ്പം. ബാങ്ക് പണം തിരിച്ചെടുക്കും മുൻപു പണം ചെലവാക്കിത്തീർക്കാൻ വേണ്ടി ഇരുവരും മത്സരിച്ചു.

പല അക്കൗണ്ടുകളിൽ നിന്നായി ഓഹരിവിപണ‍ിയിലും ഓൺലൈൻ ട്രേഡിങ്ങിലുമായി ലക്ഷക്കണക്കിനു രൂപ വീതം നിക്ഷേപിച്ചു. ഓൺലൈനായി പുതിയ ബാങ്കുകളിൽ അക്കൗണ്ട് തുറന്ന് 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്കു പണം മാറ്റി. ഓൺലൈൻ ആയി 171 ഇടപാടുകളും നടത്തി. ഒടുവിൽ ബാങ്ക് പിഴവു മനസ്സിലാക്കി പൊലീസിനു പരാതി നൽകിയപ്പോൾ യുവാക്കൾ കുടുങ്ങി. ഇവർക്കെതിരെ മറ്റു കേസുകളൊന്നും നിലവിലില്ലെന്നു സൈബർ ക്രൈം എസ്എച്ച്ഒ ബ്രിജുകുമാർ പറഞ്ഞു.