മൂന്നു വർഷം മുൻപ് കഴിച്ച ആടിന്റെ കുടൽ ശ്വാസകോശത്തിൽ കുടുങ്ങി, കല്ലുപോലെയായി; അവസാനം പുറത്തെടുത്തു

Advertisement

കൊച്ചി; മൂന്നു വർഷം മുൻപ് ശ്വാസകോശത്തിൽ കുടുങ്ങിയ ആട്ടിൻ കുടലിന്റെ (പോട്ടി) കഷണം പുറത്തെടുത്തു.

അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഭക്ഷണാവശിഷ്ടം പുറത്തെടുത്തത്. ഗുരുതരാവസ്ഥയിലായ മൂവാറ്റുപുഴ സ്വദേശിയായ രോഗിയാണ് മൂന്നു വർഷത്തെ ദുരിതത്തിൽ നിന്ന് കരകയറിയത്.

തുടർച്ചയായ ചുമയും ന്യുമോണിയയുമായി വിവിധ ആശുപത്രികളിൽ മൂന്നു വർഷമായി ചികിത്സയിലായിരുന്നു. എക്സറേ പരിശോധനകളിലൊന്നും ശ്വാസകോശത്തിൽ കുടുങ്ങിയ വസ്തു കണ്ടെത്താനായില്ല. രോഗിയുടെ ഓക്സജൻ അളവ് വല്ലാതെ കുറഞ്ഞ് ഗുരുതരാവസ്ഥയിലായപ്പോൾ നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിന്റെ വലതുഭാഗത്തായി മുഴ കണ്ടെത്തിയത്.

ശസ്ത്രക്രിയയിലൂടെ ഭക്ഷണാവശിഷ്ടം പുറത്തെടുക്കുകയായിരുന്നു. രോഗിയെ ഇത് കാണിച്ചപ്പോഴാണ് മൂന്നു വർഷം മുൻപ് കഴിച്ച പോട്ടിക്കറിയെക്കുറിച്ച്‌ പറഞ്ഞത്. ഭക്ഷണം കഴിക്കുന്നതിനിടെ ചുമച്ചപ്പോൾ പോട്ടിയുടെ ഒരു കഷണം ശ്വാസകോശത്തിൽ കുടുങ്ങിയതാണെന്ന് കരുതുന്നു.

ശ്വാസകോശത്തിലെത്തിയ ഭക്ഷണാവശിഷ്ടത്തിനു മുകളിൽ ടിഷ്യു നിറഞ്ഞ് മുഴയായതാണ്. മൂന്നു വർഷം കൊണ്ട് ഇത് കല്ലുപോലെ ആവുകയായിരുന്നു. ഇതാണ് ഓക്സിജന്റെ അളവ് കുറയാൻ കാരണമായത്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ആശുപത്രി വിട്ടു.