ഒപ്പനയ്ക്ക് മണവാട്ടി ആകാൻ ഫാത്തിമത്ത് ഇനിയില്ല; പത്താം ക്ലാസുകാരിയുടെ മരണം മസ്തിഷ്ക രക്തസ്രാവം മൂലം

Advertisement

ചിറയിൻകീഴ്: വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ കഴിഞ്ഞ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ ഒപ്പനയിലെ മണവാട്ടി ആയി എല്ലാവരുടെയും മനസ്സു നിറച്ച കുട്ടിയായിരുന്നു ഫാത്തിമത്ത് മുഹ്‌സിന(15)യെന്ന പത്താം ക്ലാസുകാരി. ആഴ്ചകൾ മുമ്പ് നവംബർ 30ന് സ്കൂളിൽ ഈവനിങ് ക്ലാസ് വിട്ട് വീട്ടിലെത്തിയ ശേഷം പെട്ടെന്നുണ്ടായ തലവേദനയെത്തുടർന്ന് അടുത്തുള്ള ഡോക്ടറെ കാണാൻ പോയതാണ്. അവിടെയെത്തുമ്പൊഴേക്ക് ഓർമ മറഞ്ഞു തുടങ്ങി. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ മസ്തിഷ്ക രക്തസ്രാവമായിരുന്നു ഫാത്തിമത്തിന് എന്ന് തുടർന്നു കണ്ടെത്തി.

കുട്ടികളിൽ അത്യപൂർവമായി കാണുന്ന അവസ്ഥ. നില ഗുരുതരമായതോടെ മെഡിക്കൽ കോള‍ജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി.പിന്നീട് ശസ്ത്രക്രിയയും വെന്റിലേറ്ററിലെ തുടർചികിൽസവും പ്രാർഥനകളും വിഫലമായി. ഇന്നലെ ഫാത്തിമത്ത് വിടവാങ്ങി. ചേതനയറ്റ ശരീരം ഇന്നലെ സ്കൂളിലെത്തിച്ചു. എല്ലാവരുടെയും കണ്ണുനിറച്ച് കൊച്ചുമിടുക്കിയുടെ മടക്കം.പെരുങ്ങുഴി ശാസ്തവട്ടം ഗാന്ധി സ്മാരകത്തിനു സമീപം ഫാത്തിമ മൻസിലിൽ റഫീക്കത്തിന്റെ മൂന്നു പെൺമക്കളിൽ മൂത്തമകളായിരുന്നു ഫാത്തിമത്ത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കി.

സ്കൂളിൽ അറിയപ്പെടുന്ന ഒപ്പന കലാകാരി. ഇതേ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമത്ത്സാജിതയും മൂന്നാം ക്ലാസ് വിദ്യാർഥിനി ഫാത്തിമത്ത് നസീഹയുമാണ് സഹോദരങ്ങൾ. സാമ്പത്തികമായി ഏറെ ദുരിതങ്ങൾ നേരിട്ടുവരുന്ന കുടുംബമാണു മുഹ്‌സിനയുടേത്. ചെറുപ്പത്തിലേ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചുപോയിരുന്നു. അമ്മയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബം പിന്നീടു ഉമ്മ റഫീക്കത്ത് തൊഴിലുറപ്പ് ജോലിക്കുപോയി കിട്ടുന്ന വേതനം കൊണ്ടാണു കഴിഞ്ഞുവന്നിരുന്നത്.

അന്ത്യാഞ്ജലിയർപ്പിക്കാൻ നാടൊന്നാകെ സ്കൂളിലെത്തിയിരുന്നു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്.അജിത്ത്കുമാർ മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജി.മുരളീധരൻ,ലതികമണിരാജ്,സ്കൂൾ പ്രധാനാധ്യാപിക അനിതബായി എന്നിവർ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ചൊല്ലി. രാത്രിയോടെ മുട്ടപ്പലം മുസ്ലിം പള്ളി ഖബർസ്ഥാനിൽ സംസ്കാരചടങ്ങുകൾ നടന്നു.