തൃശൂർ: ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ചു സ്വർണനാണയങ്ങൾ തട്ടിയെടുക്കുന്നതു പതിവാക്കിയ കോഴിക്കോട് തിക്കോടി വടക്കേപുരയിൽ റാഹിൽ (28) നിഴൽ പൊലീസിന്റെ പിടിയിൽ. വലിയ കമ്പനിയുടെ എംഡിയാണെന്നും ജീവനക്കാർക്കു സമ്മാനിക്കാൻ ഒരു പവൻ വീതം തൂക്കമുള്ള സ്വർണനാണയങ്ങൾ വേണമെന്നും പറഞ്ഞ് കഴിഞ്ഞ ഏഴിന് നഗരത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഏഴ് സ്വർണനാണയങ്ങൾ തട്ടിയെടുത്തു മുങ്ങിയ കേസിലാണ് അറസ്റ്റ്.
പഞ്ചനക്ഷത്ര ഹോട്ടലിലാണു താമസിക്കുന്നതെന്നും സ്വർണനാണയങ്ങൾ അവിടെ എത്തിച്ചു നൽകണമെന്നും പക്ഷനക്ഷത്ര ഹോട്ടൽ പരിസരത്തു നിന്നു ജ്വല്ലറിയിലേക്കു ഫോൺ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു.സ്വർണനാണയങ്ങളുമായി ഹോട്ടലിലെത്തിയ ജ്വല്ലറി ജീവനക്കാരനു മുന്നിൽ എംഡിയുടെ പിഎ ആണെന്നു പരിചയപ്പെടുത്തി റാഹിൽ വരികയും എംഡി റൂമിലാണെന്നും പണം വാങ്ങി വരാമെന്നും വിശ്വസിപ്പിച്ച ശേഷം ലിഫ്റ്റിൽ കയറി അപ്രത്യക്ഷനാകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞാണ് പിടികൂടിയത്.
ഈസ്റ്റ് പൊലീസിനു ജ്വല്ലറി അധികൃതർ പരാതി നൽകി. കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാർ, എസ്ഐമാരായ എ.ആർ. നിഖിൽ, കെ. ഉണ്ണിക്കൃഷ്ണൻ, നിഴൽ പൊലീസ് എസ്ഐമാരായ എൻ.ജി. സുവൃതകുമാർ, പി. രാഗേഷ്, സീനിയർ സിപിഒമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സിപിഒമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.
ജ്വല്ലറികളിൽ നിന്നു സ്വർണനാണയങ്ങൾ തട്ടിച്ചതിന്റെ പേരിൽ ജയിലിൽ കഴിഞ്ഞിരുന്ന റാഹിൽ പുറത്തിറങ്ങി 5 മാസത്തിനകം നടത്തിയതു പലതരം തട്ടിപ്പുകൾ. വൈറ്റിലയിലെ മൊബൈൽ ഫോൺ കടയിൽ നിന്ന് 10 ലക്ഷം രൂപയുടെ ഐഫോണുകൾ, വാച്ച് എന്നിവ തട്ടിയെടുത്തതായി പ്രതി സമ്മതിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ കോഴിക്കോട്ടെ ഹോട്ടലിൽ താമസിച്ച ശേഷം 50,000 രൂപയും മൊബൈൽ ഫോണും തട്ടിച്ചു. ഗൾഫിൽ ജോലി വാങ്ങിനൽകാമെന്നു സമ്മതിപ്പിച്ച് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് 85,000 രൂപ കവർന്നു. പല ജ്വല്ലറികളിൽ നിന്നായി അഞ്ച് മാസത്തിനിടെ ഏഴ് പവന്റെ നാണയങ്ങൾ തട്ടിച്ചെടുത്തു.
ഇവ വിറ്റഴിച്ചു നേടിയ ആറേകാൽ ലക്ഷം രൂപയോളം രണ്ട് മാസം കൊണ്ട് ചെലവഴിച്ചു. മുംബൈ താജ് റസിഡൻസി, ബെംഗളൂരു മാരിയറ്റ് ഹോട്ടൽ എന്നിവിടങ്ങളിലടക്കം ആഡംബര ജീവിതം നയിച്ചു. കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നു മുംബൈ, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലേക്കു വിമാനയാത്രകൾ നടത്തി. ബ്രാൻഡഡ് വസ്ത്രങ്ങളും ചെരിപ്പുകളും ആണ് വേഷം. വിലകൂടിയ സൗന്ദര്യ വർധക വസ്തുക്കളാണ് ഉപയോഗിച്ചിരുന്നത്.