മണ്ഡപത്തില്‍നിന്നും വധു ജീവിതത്തിലേക്ക് കൊട്ടിക്കയറുന്ന അത്യസാധാരണ കാഴ്ച, ഈ കല്യാണ രംഗം കാണാതെ പോകരുത്

Advertisement

തൃശൂര്‍. സാധാരണ പെണ്ണ് കെട്ടിക്കയറുകയാണെന്നുപറയുമെങ്കില്‍ പെണ്ണ് ജീവിതത്തിലേക്ക് കൊട്ടിക്കയറുന്നതാണ് ഗുരുവായൂരില്‍ കഴിഞ്ഞദിവസം കണ്ടത്.

കല്യാണത്തിന് താലികെട്ടിക്കഴിഞ്ഞാല്‍ സാധാരണ വധൂവരന്മാരെ തപ്പി ഫോട്ടോ ഷൂട്ടിനായി ക്യാമറമാന്മാരും കണ്ടു യാത്രപറയാന്‍ ബന്ധുക്കളും വട്ടം കൂടുന്നതാവും കാഴ്ച. ക്ഷേത്ര നടയില്‍ താലികെട്ടി രാജവല്‍സത്തിലേക്ക് എത്തിയ മനോഹരിയായ വധു ഒരു ചെണ്ടയുമായി വേദിയിലേക്ക് വരുന്നതാണ് പിന്നെ കണ്ടത്. പിന്നാലെ പൊന്നന്‍സ് ശിങ്കാരി മേളം ട്രൂപ്പുമെത്തി.വധു കൊട്ടി അരങ്ങു തകര്‍ത്തതോടെ വരനെത്തി. പിന്നാലെ വധുവിന്റെ പിതാവും ഇതോടെ സംഗതി പൊടിപൊടിച്ചു. തുടിക്കുന്ന മനസോടെയാണ് കാണികള്‍ ആ അസാധാരണ കാഴ്ച കണ്ടത്. ചൊവ്വല്ലൂര്‍ പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകള്‍ ശില്‍പയാണ് പുതുജീവിതത്തിലേക്ക് കൊട്ടിക്കേറിയത്.

https://videopress.com/v/q1PAF8l4?resizeToParent=true&cover=true&preloadContent=metadata&useAverageColor=true


കഴിഞ്ഞ എട്ടുവര്‍ഷമായി പാണ്ടി പഞ്ചാരി ശിങ്കാരി മേളങ്ങളിലെല്ലാം പരിശീലനം നടത്തുന്നുണ്ട് ശില്‍പ. ദല എന്ന സംഘടനവഴി ഷൈജുകണ്ണൂര്‍,രാജീവ് പാലക്കാട്,സദനം രാജേഷ് എന്നിവരാണ് ഗുരുക്കന്മാര്‍.
35വര്‍ഷമായി യുഎഇയിലുള്ള ശ്രീകുമാര്‍ അബുദാബി പോര്‍ട്ടിനു കീഴിലെ ഗ്ളോബല്‍ ഷിപ്പിംങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.ശ്രീകുമാറിനും കുടുംബത്തിനും ഇഷ്ടവാദ്യമാണ് ചെണ്ട. ശില്‍പ യുഎഇയിലെ നിരവധി വേദിയില്‍ നാദവിസ്മയം തീര്‍ത്തിട്ടുണ്ട്.
മെക്കാനിക്കല്‍ എന്‍ജിനീയറിംങ് ബിരുദ ധാരിയായ ശില്‍പ അമേരിക്കയില്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്നു. കണ്ണൂര്‍ സ്വദേശിയായ വരന്‍ ദേവാനന്ദ് യുഎഇയില്‍ എന്‍ജിനീയറാണ്.
ഒരു ഫോട്ടോ ഷൂട്ട് മാത്രമാണിവര്‍ ഉദ്ദേശിച്ചത് എന്നാല്‍ കലയുടെ മാത്രം പ്രത്യേകതയായ നാദലയം തീര്‍ത്ത അതിമനോഹരമായ അന്തരീക്ഷത്തില്‍ വധുവും വരനും മാത്രമല്ല കാണികളും എന്തിന് പ്രകൃതി പോലും ഹൃദയം വിലയിച്ച് താളം പിടിച്ചു പോവുകയായിരുന്നു.