സ്‌കൂള്‍ കലോത്സവത്തിന് മാസ്‌ക് നിര്‍ബന്ധം; സാനിറ്റൈസര്‍ ഉറപ്പാക്കും: വി.ശിവൻകുട്ടി

Advertisement

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സാനിറ്റൈസറും ഉറപ്പാക്കണം. കോവിഡ് ജാഗ്രത കണക്കിലെടുത്തുള്ള നടപടികള്‍ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മത്സരങ്ങളില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കും. മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് ഇക്കുറി വലിയ ഘോഷയാത്ര ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സ്‌കൂൾ വിദ്യാർഥികളുടെ നൈസർഗിക–കലാ–സാഹിത്യ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 61–ാം കേരള സ്‌കൂൾ കലോത്സവം ഇത്തവണ കോഴിക്കോടാണ്. 2015 ലാണ് അവസാനം കോഴിക്കോട് കലോത്സവത്തിന് വേദി ആയത്. ജില്ലയിൽ ഇത് 8–ാം തവണയാണ് കലോത്സവം നടക്കുന്നത്.

1957ൽ തുടങ്ങി, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായി വളർന്ന മേള 2018ൽ പരിഷ്‌കരിച്ച മാന്വലിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് സംഘടിപ്പിക്കുന്നത്. 2009 മുതൽ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗം കൂടി സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായതോടെ 239 (ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96, ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ 105, സംസ്‌കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19) ഇനങ്ങളിലായി 14,000 ത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും.

മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പായി 1000 രൂപ നൽകും. വിധികർത്താക്കളുടെ വിധി നിർണയത്തിനെതിരെ തർക്കം ഉന്നയിക്കുന്ന ഘട്ടത്തിൽ അത്തരം ഇനങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ നടത്തിപ്പിനായി 21 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

ജനുവരി മൂന്നിന് രാവിലെ 8.30ന് ക്യാപ്റ്റൻ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ മുഖ്യ പ്രഭാഷണം നടത്തും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, തുറമുഖ, പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയിൽ ഹൈസ്‌കൂൾ വിഭാഗം കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ആദ്യദിവസം 23 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.

ജനുവരി ഏഴിന് വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ.രാജൻ സുവനീർ പ്രകാശനം നിർവഹിക്കും. വിജയികൾക്കുള്ള സമ്മാനദാനം വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Advertisement