കൊച്ചി. യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ആരോപണങ്ങൾ കത്തിനിൽക്കെയാണ് യോഗം ചേരുന്നത്. വിഷയത്തിൽ സുധാകരന്റെ പരസ്യ നിലപാട് ലീഗിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു, ഇക്കാര്യം യോഗത്തിൽ ലീഗ് ഉന്നയിച്ചേക്കും.
ഇ പി ജയരാജൻ വിഷയത്തിൽ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ വിഷയം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. എ കെ ആൻറണിയുടെ മൃദു ഹിന്ദുത്വ നിലപാടിൽ നേതാക്കൾ വ്യത്യസ്ത അഭിപ്രായം പറഞ്ഞതും ഘടകകക്ഷികളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യം ഘടക കക്ഷികളും യോഗത്തിൽ ഉന്നയിക്കും. ബഫർ സോൺ വിഷയത്തിൽ കെ റെയിലിന് സമാനമായിട്ടുള്ള സമരപരിപാടികൾ ഉണ്ടാകുമെന്ന് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഒപ്പം നിർത്തി പരിപാടികൾ എങ്ങനെ വേണമെന്നും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും