വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ് എം ഷാജർ,ഷാജറിനെ വേട്ടയാടുന്നത് ശരിയല്ലെന്ന് ആകാശ് തില്ലങ്കേരി

Advertisement

കണ്ണൂര്‍. കളങ്കിതന് ട്രോഫി സമ്മാനിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ് എം ഷാജർ. തില്ലങ്കേരിയിലെ പ്രാദേശിക നേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് ഷാജറിന്റെ വിശദീകരണക്കുറിപ്പ്. എം ഷാജറിനെ വേട്ടയാടുന്നത് ശരിയല്ലെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സംഭവം യാദൃശ്ചികമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ പ്രതികരണം.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും ലഹരിമാഫിയയിലെ കണ്ണിയുമെന്ന് സിപിഎം വിശേഷിപ്പിച്ച ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ ട്രോഫി സമ്മാനിച്ചതിൽ വിവാദം തീരുന്നില്ല. സംഘാടകരുടെ ആവശ്യം മാനിച്ചാണ് സമ്മാനം വിതരണം ചെയ്തതെന്ന് എം ഷാജർ ഫേസ് ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. ദുരുപയോഗം ചെയ്യപ്പെടുമെന്നതിനാൽ പറ്റില്ലെന്ന് അറിയിച്ചിരുന്നു.പരിപാടി അലങ്കോലമാകാതിരിക്കാൻ സംഘാടകരുടെ ആവശ്യം അംഗീകരിച്ചു.പാർട്ടി അടയാളങ്ങൾ ദുരുപയോഗിക്കുന്ന കപട ബുദ്ധികൾ അവസരം മുതലെടുത്തു. കളങ്കിതനായ വ്യക്തി തന്നെ പലർക്കും ഫോട്ടോ അയച്ചു നൽകി. ലഹരി ക്വട്ടേഷൻ മാഫിയയുടേത് നിലനിൽപ്പിന്റെ രാഷ്ട്രീയം മാത്രം. ചില ശുദ്ധാത്മാക്കൾ ലഹരി കൊട്ടേഷൻ സംഘങ്ങളെ പോരാളികളെന്ന് ഇപ്പോഴും വിളിക്കുന്നവെന്നും, തിരുത്തൽ വേണമെന്നും എം ഷാജർ ആവശ്യപ്പെട്ടു. ആകാശ് തില്ലങ്കേരിക്ക് എം ഷാജർ ട്രോഫി സമ്മാനിച്ചത് യാദൃശ്ചികമായി സംഭവിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗത്തിൽ നിന്ന് ട്രോഫി വാങ്ങിയതിൽ തെറ്റില്ലെന്ന് ആകാശ് തില്ലങ്കേരി ഫേശ്ബുക്കില്‍ പറയുന്നു. ക്ലബിന്റെ പ്രതിനിധിയായാണ് താൻ ട്രോഫി വാങ്ങാൻ കയറിയത്. ഇക്കാര്യത്തിൽ ഡിവൈഎഫ്ഐ നേതാവിനെ വേട്ടയാടുന്നത് ശരിയല്ലെന്നും ആകാശ് തില്ലങ്കേരിയുടേ ഫേസ്ബുക്ക് കുറിപ്പ് പറയുന്നു.