‘‘കടം വാങ്ങിയ 300 രൂപ അച്ഛൻ തരുന്നില്ല, വാങ്ങിത്തരണം; പൊലീസിൽ പരാതിയുമായി ഒമ്പതാം ക്ലാസുകാരൻ’’

Advertisement

നെടുങ്കണ്ടം: അച്ഛൻ കടം വാങ്ങിയ 300 രൂപ തിരികെ കിട്ടാൻ സഹായിക്കണമെന്ന അപേക്ഷയുമായി 9–ാം ക്ലാസ് വിദ്യാർഥി പൊലീസ് സ്റ്റേഷനിലെത്തി. പണത്തിന്റെ ആവശ്യവും വിദ്യാർഥി പറഞ്ഞു: നടൻ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കണം…
മുത്തശ്ശി നൽകിയ പോക്കറ്റ് മണി അച്ഛൻ കടമായി വാങ്ങി. ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ല. പൊലീസ് ഇടപെട്ടാൽ കിട്ടുമെന്നു കൂട്ടുകാർ പറഞ്ഞതറിഞ്ഞ് സ്റ്റേഷനിൽ എത്തിയതായിരുന്നു കുട്ടി. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തി പരാതി പറഞ്ഞു. വിവരമറിഞ്ഞ് നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു സംസാരിച്ചപ്പോൾ കുട്ടി പറഞ്ഞു: ‘‘അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി.’’

വിദ്യാർഥിയുടെ പിതാവിനെ പൊലീസ് ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഇന്നു രാവിലെ പ്രശ്നം പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്ത് കുട്ടിയെ പൊലീസ് വീട്ടിലേക്കു തിരിച്ചയച്ചു.