ടൈറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ അടവ്

Advertisement

തിരുവനന്തപുരം.ടൈറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍.കാഞ്ഞിരംകുളം സ്വദേശിയും തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനെന്നും സംശയിക്കുന്ന ശ്യാംലാലിനെയാണ് പ്രത്യേക അന്വേഷണസഘം പിടികൂടിയത്.പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.

ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിച്ച കേസിലെ പ്രധാന പ്രതിയെയാണ് പൊലീസ് പിടികൂടിയത്.ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് ശ്യാംലാലിനെ കസ്റ്റഡിയെടുക്കുകയായിരുന്നു.തട്ടിപ്പ് ആസൂത്രണം ചെയ്ത ടൈറ്റാനിയം ലീഗല്‍ എഡിഎം ശശികുമാരന്‍ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാല്‍.ഇരുവരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

എന്നാല്‍ ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്നാണ് വിവരം.എത്ര പേരില്‍ നിന്ന് പണം വാങ്ങിയെന്നോ, ആര്‍ക്കൊക്കെ പണം നല്‍കിയെന്നോ ശ്യാംലാല്‍ പറയുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.ഇതോടെ കേസില്‍ അറസ്റ്റിലായലരുടെ എണ്ണം മൂന്നായി. ശ്യാംലാലിനെ കൂടാതെ ഏജന്‍റുമാരായ ദിവ്യ നായര്‍, അഭിലാഷ് എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്..ശശികുമാരന്‍ തമ്പി, ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരന്‍ മനോജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവിലാണ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനുവരി അഞ്ചിന് കോടതി പരിഗണിക്കുന്നുണ്ട്.

Advertisement