ശബരിമല.മകരവിളക്ക് ഉത്സവത്തിന് നട തുറന്നതിന്പിന്നാലെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് ഇതുവരെ ദർശനം നടത്തിയവരുടെ എണ്ണം ലക്ഷം കടന്നു. തിരക്ക് ഏറിയതോടെ ദർശനം പൂർത്തിയാക്കിയ അയ്യപ്പൻമാരെ സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് മടക്കി വിടാനുള്ള ശ്രമത്തിലാണ് അധികൃതർ
ദർശനം പൂർത്തിയാക്കിയ അയ്യപ്പ ഭക്തർ പമ്പയിലേക്ക് മടങ്ങണമെന്ന് ഉച്ച മുതൽ സന്നിധാനത്ത് തുടർച്ചയായ അനൗൺസ്മെന്റ് നടക്കുകയാണ്. തിരക്ക് അത്രയധികം ഉയർന്നിരിക്കുന്നു. പതിനെട്ടാംപടിക്ക് മുമ്പ് 5 ഇടത്ത് ഭക്തരുടെ ക്യൂ നിയന്ത്രിക്കുന്നുണ്ട്. എങ്കിലും ഭക്തജന ബാഹുല്യം ഇതിനുമപ്പുറമാണ്. അവധിയും മകര വിളക്ക് അടുക്കുന്നതുമാണ് ഭക്തരുടെ വരവ് വർദ്ധിപ്പിച്ചത്. എല്ലാവർക്കും ദർശനത്തിനു അവസരം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
സന്നിധാനത്ത് രാവിലെ മുതൽ മകര വിളക്കിന് മുന്നോടിയായുള്ള പൂജകൾക്ക് തുടക്കമായി
നിലവിൽ പതിനെട്ടാംപടി വഴി മിനിറ്റിൽ 75 മുതൽ 80 ഭക്തരെ കടത്തിവിടുന്നുണ്ട്. ജനുവരി 14 നാണ് മകര വിളക്ക്. ഈ വർഷത്തെ തീർത്ഥാടനം പൂർത്തിയാക്കി 19 ന് മാളികപ്പുറത്ത് ഗുരുതി നടക്കും. ജനുവരി 20 ന് രാവിലെ 7 നാണ് നട അടക്കുന്നത്