കൊച്ചിയിലെ പുതുവർഷാഘോഷം: തിക്കിലും തിരക്കിലും അവശരായി ജനക്കൂട്ടം; ഒഴിവായത് വൻ ദുരന്തം

Advertisement

കൊച്ചി: കൊച്ചിയിലെ പുതുവർഷാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അവശരായ 200ൽ അധികംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാൻ അഞ്ചുലക്ഷത്തോളം പേർ കൊച്ചിയിൽ എത്തിയെന്നാണു കണക്കാക്കുന്നത്. പൊലീസുകാർ ഉൾപ്പെടെ നിരവധിയാളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

കൊച്ചിൻ കാർണിവലിൽ പാപ്പാഞ്ഞിയെ കത്തിച്ചശേഷം പിരിഞ്ഞുപോയ ജനക്കൂട്ടമാണ് തിക്കിലും തിരക്കിലും പെട്ടത്. ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവിടെ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചികിത്സ കിട്ടാതെ കുറേപ്പേർ മടങ്ങിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ആഘോഷത്തിന്റെ ഭാഗമായുണ്ടാകുന്ന വൻ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാത്തത് അധികൃതരുടെ വീഴ്ചയാണെന്നാണ് ആക്ഷേപം. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ അടിയന്തര ആരോഗ്യ സേവനങ്ങൾ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന മൂന്ന് ആംബുലൻസുകൾക്കുമായി ഒരു ഡോക്ടറാണ് ഉണ്ടായിരുന്നത്.

റോറോ സർവീസിലേക്ക് ജനം ഇരച്ചുകയറിയത് വലിയ അപകടസാധ്യതയാണ് ഉയർത്തിയത്. ഇവിടെനിന്ന് രണ്ട് റോറോ സർവീസുകൾ നടത്തണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും ഒന്നു മാത്രമാണ് പ്രവർത്തിച്ചത്.

Advertisement