തൃശൂര്‍.നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് കോര്‍പ്പറേഷന് മുന്നില്‍ സ്ഥാപിച്ച കമാനം മറിഞ്ഞുവീണ് ഓട്ടോറിക്ഷ തകര്‍ന്നു.
അപകടത്തില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു. അനുമതിയില്ലാതെയാണ് കമാനം സ്ഥാപിച്ചതെന്ന ആരോപണവുമായി കോര്‍പ്പറേഷനിലെ പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി.
ഇന്ന് ഉച്ചക്ക് 12 മണിക്കാണ് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച അലങ്കാര കമാനം ശക്തമായ കാറ്റില്‍ തകര്‍ന്നുവീണത്.
കമാനത്തിനടിയില്‍പ്പെട്ട ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ അവണിശ്ശേരി സ്വദേശി ജോണി, കാല്‍നട യാത്രക്കാരിയായ
ഗുരുവായൂര്‍ സ്വദേശി മെഴ്സി ആൻറണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ
ഭാഗമായി ഇരുമ്പുകാലുകള്‍ കൊണ്ട് സ്ഥാപിച്ച പന്തല്‍ കമാനമാണ് തകര്‍ന്നത്. ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കാനായാണ് കമാനം നിര്‍മിച്ചത്. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള
ഉറപ്പിൽ നിറുത്തിയിരുന്ന കാലുകൾ ശക്തമായ കാറ്റിൽ തകർന്നു വീഴുകയായിരുന്നു. ഇത്തരത്തിലാണ് പടുകൂറ്റന്‍ കമാനങ്ങളും ആര്‍ച്ചുകളും നിര്‍മ്മിക്കാറ്. ഇതുയര്‍ത്തുന്ന സുരക്ഷാഭീഷണി അധികൃതര്‍ ഇനിയും പരിഹരിച്ചിട്ടില്ല.
അതേസമയം നഗരത്തിലും പരിസരത്തും അലങ്കാര പന്തൽ കിട്ടിയത് അനുമതി ഇല്ലാതെയാണെന്ന്
നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ ആരോപിച്ചു.
യാതൊരു സുരക്ഷാ ക്രമീകരണം പാലിക്കാതെയാണ് ഇരുമ്പ് കൊണ്ടുണ്ടാക്കിയ അലങ്കാര
പന്തലുകൾ കോർപ്പറേഷന്റെ മൗനാനുവാദത്തോടെ നഗരത്തിൽ ഉയർത്തിയിട്ടുള്ളത്.
അപകടത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് കോർപ്പറേഷൻ ഭരണ നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും ജോണ്‍ ഡാനിയല്‍
കുറ്റപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നഗരത്തില്‍ തോരണം കഴുത്തില്‍ കുടുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റത്. അന്നുണ്ടായ കേസും ചര്‍ച്ചകളും ഒരു മാറ്റവും വരുത്തിയില്ലെന്നതിന് തെളിവാണ് ഇന്നത്തെ അപകടം.