മലപ്പുറം: കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിച്ച് നടക്കേണ്ട പ്രായത്തിൽ രോഗികൾക്ക് അനുഗ്രഹമാകുന്ന മിനി മെഡിസിൻ റഫ്രിജറേറ്റർ നിർമിച്ച് വിദ്യാർഥി. പാലിയേറ്റീവ് വളണ്ടിയറായ മാതാവിന്റെ മരുന്ന് സൂക്ഷിക്കാനുള്ള പ്രയാസമാണ് ഇത്തരമൊരു ഉപകരണത്തെ കുറിച്ച് ചിന്തിക്കാൻ മുബീൻ ഫൗസാന് പ്രേരണയായത്.
രണ്ടത്താണി ആറ്റുപുറം റാഹത്ത് നഗർ സ്വദേശി കണിയാതൊടി സുലൈമാൻനൂർജഹാൻ ദമ്പതികളുടെ മകനായ ഈ കുട്ടി ശാസ്ത്രജ്ഞൻ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്. വ്യത്യസ്ത താപനിലയിൽ മരുന്നു സൂക്ഷിക്കേണ്ടിവരുന്നവർക്ക് ഉപകാരപ്പെടുന്നതാണ് മെഡിസിൻ റഫ്രിജറേറ്റർ. മരുന്നുകൾ സൂക്ഷിക്കുന്ന ചൂടും തണുപ്പും ബാധിക്കാത്ത തെർമോകോൾ പെട്ടിയുടെ ഉൾഭാഗം സി പി യു ഫാനും പെൽറ്റിയർ മൊഡ്യൂളും ഉപയോഗിച്ച് തണുപ്പിക്കും.
ഇതോടൊപ്പം തന്നെ പുറംഭാഗം ചൂട് കൂടി പൊട്ടിത്തെറിക്കാതിരിക്കാൻ പാത്രത്തിൽ വെച്ച വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന വാട്ടർ കൂളിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നു. ഇതോടൊപ്പം ഉള്ളിലെ തണുപ്പ് എത്രയെന്ന് തിരിച്ചറിയുന്നതിനും ഇതിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. ചെറിയ ഇൻവെർട്ടർ, അഡാപ്റ്റർ, ഡി സി വൈദ്യുതി എന്നിവ ഉപയോഗിച്ചാണ് ഉപകരണം പ്രവർത്തിപ്പിക്കുന്നത്. റീചാർജബിൾ ബാറ്ററി കൂടി ഘടിപ്പിച്ചാൽ ബാഗ് രൂപത്തിൽ ഇത് കയ്യിൽ കൊണ്ടുനടക്കാനും സൗകര്യമാകും. ശാസ്ത്രജ്ഞനാകാനാണ് ഈ 14 കാരന് ആഗ്രഹം. ഈ ആശയം കേന്ദ്ര സർക്കാറിന് സമർപ്പിച്ചതിന് 2021ൽ ഇൻസ്‌പെയർ അവാർഡ് ഫൗസാനെ തേടിയെത്തിയിട്ടുണ്ട്. 10,000 രൂപയും ഇതോടൊപ്പം ലഭിച്ചിരുന്നു.
കൂടുതൽ സമയം കൈകളിലെ തള്ളവിരൽ പിന്നിലേക്ക് മടക്കിനിർത്താനുള്ള കഴിവ് പ്രകടമാക്കിയതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഈ കൊച്ചുമിടുക്കൻ നേടിയിട്ടുണ്ട്. മുഹമ്മദ് സുഫ്‌യാൻ, മുജ്തബ ഫർഹാൻ എന്നിവർ സഹോദരങ്ങളാണ്.