കൊല്ലം ചെമ്മാമുക്കിൽ റെയിൽവേ കെട്ടിടത്തിൽ യുവതിയുടെ പൂർണനഗ്ന മൃതദേഹം; കൊലപാതകമെന്ന് സംശയം

Advertisement

കൊല്ലം: ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് (32) മരിച്ചത്. ഡിസംബർ 29 മുതൽ യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽനിന്നു ദുർഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തിലും ചെവിക്കു പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ചില വസ്ത്രഭാഗങ്ങൾ മാത്രമാണു മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നത്. യുവതിയെ കാണാനില്ലെന്നു കുടുംബം കുണ്ടറ പൊലീസിൽ പരാതി നൽകിയിരുന്നു. കൊല്ലം ബീച്ചിൽ ഉമയെത്തിയെന്നു പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിനു പിന്നിലുള്ള കിണറ്റിൽ സ്‌കൂബ സംഘവും തിരച്ചിൽ നടത്തി. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണു നാട്ടുകാരുടെ ആരോപണം. ലോട്ടറിയും സൗന്ദര്യ വർധക വസ്തുകളും വിൽക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചിൽനിന്നു കിട്ടിയ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം. ഭർത്താവ് ബിജു മൂന്ന് വർഷം മുൻപ് മരിച്ചു. 7, 5 വയസ്സ് പ്രായമുള്ള 2 പെൺമക്കളുണ്ട്. മൃതദേഹം സംസ്കരിച്ചു. അധികം ബലപ്രയോഗം നടന്നിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.