തിരുവനന്തപുരം; വീണ്ടും മന്ത്രിയായി അധികാരമേൽക്കുമ്പോൾ സജി ചെറിയാൻ തൽക്കാലം വാടക വീട്ടിൽ കഴിയേണ്ടി വരും. ഔദ്യോഗിക വസതികളെല്ലാം മറ്റു മന്ത്രിമാർക്ക് അനുവദിച്ചിരിക്കുകയാണ്.
സജി ചെറിയാന്‍ സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വസതി മന്ത്രി വി.അബ്ദുറഹിമാനു നൽകി. അബ്ദുറഹിമാനു പകരം വസതി ലഭിച്ചാൽ മുൻപ് താമസിച്ചിരുന്ന വസതി സജി ചെറിയാനു തിരികെ ലഭിച്ചേക്കും. അല്ലെങ്കിൽ ഔദ്യോഗിക വസതി ലഭിക്കുന്നതുവരെ വാടക വീട്ടിൽ കഴിയേണ്ടിവരും. സാമാജികനെന്ന നിലയിൽ എംഎൽഎ ഹോസ്റ്റലിലെ ഫ്ലാറ്റും ഉപയോഗിക്കാനാകും.
സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ എട്ടാണ്. നേരത്തെ ഉപയോഗിച്ച നമ്പരാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. ആദ്യം മന്ത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അനക്സ് ഒന്നിലെ നാലാം നിലയിലുള്ള മുറിയാണ് ഓഫിസായി അനുവദിച്ചിരിക്കുന്നത്.
മുൻപ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഫിഷറഫീസ് യൂണിവേഴ്സിറ്റി, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമ ഫണ്ട് ബോർഡ്, യുവജനക്ഷേമം തുടങ്ങിയ വകുപ്പുകൾ തന്നെ സജി ചെറിയാന് ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിൽ ഭരണഘടനയെ വിമർശിച്ചതിനെ തുടർന്നാണ് സജി ചെറിയാന് രാജി വയ്ക്കേണ്ടിവന്നത്. 182 ദിവസത്തിനു ശേഷമാണ് അദ്ദേഹം മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.