നയനയുടെ മരണം കൊലപാതകമെന്ന സംശയം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Advertisement

തിരുവനന്തപുരം: യുവ സംവിധായിക നയനസൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഡിജിപി എം.ആർ. അജിത് കുമാർ ആണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിർദേശം നൽകിയത്.

ആദ്യ അന്വേഷണത്തിലെ വീഴ്ചകളും തുടർ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെ.കെ.ദിനിൽ കമ്മിഷണർക്ക് ഉടൻ റിപ്പോർട്ട് നൽകും. അതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്വേഷണം. കൊലപാതകമെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നത്. പ്രത്യേക അന്വേഷണ സംഘം ഉടൻ രൂപീകരിക്കും.

സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി കുറ്റിയിട്ടിരുന്നതിനാൽ ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിഞ്ഞതാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തൽ. ദിവസങ്ങൾക്കു മുൻപ് പോസ്റ്റുമോർട്ടം റിപ്പോർട്ടു സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ആദ്യം അന്വേഷിച്ച മ്യൂസിയം പൊലീസ് തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണം അവസാനിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

നയനയുടെ കഴുത്തിൽ ഏഴിടത്ത് ക്ഷതം ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും ക്ഷതം ഉണ്ട്. വൃക്കയുടെയും പാൻക്രിയാസിന്റെയും മുകൾഭാഗത്തും ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉണർത്തുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണമായി പറയുന്നത് കഴുത്തിന് ഏറ്റ ക്ഷതമാണ്. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്നതിലാണ് ആശയക്കുഴപ്പം. അകത്തുനിന്ന് പൂട്ടിയ മുറിയിൽ നടന്ന മരണം ആയതിനാൽ കൊലപാതക സാധ്യത പൊലീസ് ആദ്യമേ തള്ളിക്കളയുകയായിരുന്നു. കഴുത്തിലെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെയും ക്ഷതത്തിന്റെ കാരണം കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമത്തിലാണ് സ്വയം പീഡിപ്പിക്കുന്ന മാനസികാവസ്ഥയെന്നു കാരണം കണ്ടെത്തിയത്.

പഴയ രേഖകളും മൊഴികളുമാണ് എസിപി: ജെ.കെ.ദിനിൽ പരിശോധിക്കുന്നത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ശശികലയുമായി ആശയവിനിമയത്തിനും ശ്രമിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ ആദ്യം നടന്ന അന്വേഷണത്തിൽ വീഴ്ചകളുണ്ടായോ എന്നും അന്വേഷിക്കേണ്ടിവരും. വിശദമായ അന്വേഷണം ഉണ്ടാകുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisement