തിരുവനന്തപുരം: ഫ്ളാറ്റ് സമുച്ചയത്തിൽ അവിവാഹിതരായ വാടകക്കാരോട് ഒഴിയാനാവശ്യപ്പെട്ട് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ. തിരുവനന്തപുരം പട്ടത്തെ ഫ്ളാറ്റിലാണ് വിചിത്ര നിർദേശം.
അവിവാഹിതർ എതിർലിംഗക്കാരെ ഫ്ളാറ്റിൽ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവർക്കു മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സർക്കുലർ ഫ്ളാറ്റിന്റെ നോട്ടിസ് ബോർഡിൽ പതിച്ചു. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിൻസിലാണു നിർദേശം. ഫ്ലാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്നു പൊതു അച്ചടക്കം ലംഘിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായതിനാലാണ് നോട്ടിസ് പതിച്ചതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സിവിൽ സർവീസ് ഉൾപ്പെടെ ഉന്നതപഠനം നടത്തുന്നവരും ജോലിക്കാരുമാണു വാടകയ്ക്കു നൽകിയിട്ടുളള ആറ് ഫ്ളാറ്റുകളിലുളളത്. ഈ ഫ്ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവർക്കുള്ളതാണെന്നാണു മൂന്നാം തീയതി നൽകിയ നോട്ടിസിലുളളത്. കുടുംബമായിട്ടല്ലാതെ താമസിക്കുന്നവരുടെ ഫ്ളാറ്റുകളിൽ രാത്രിയായാലും പകലായാലും എതിർ ലിംഗത്തിൽപ്പെട്ടവർ വരരുത്. താഴത്തെ നിലയിലെ പൊതുവിടത്തിൽ വച്ച് സംസാരിക്കണം. മാതാപിതാക്കളുടേയോ രക്ഷിതാവിന്റെയോ ഫോൺ നമ്പർ റജിസ്റ്ററിൽ രേഖപ്പെടുത്തണം. വാച്ച്മാനുമായി തർക്കത്തിൽ ഏർപ്പെട്ടാൽ പൊലീസിനെയും മാതാപിതാക്കളെയും അറിയിക്കുമെന്നും നോട്ടിസിലുണ്ട്.
അവിവാഹിതരോടു രണ്ടുമാസത്തിനുളളിൽ ഫ്ളാറ്റ് ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിർദേശമുണ്ടെന്നു സ്ഥിരീകരിച്ച സെക്രട്ടറി ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന്റെ പൊതു തീരുമാനമാണിതെന്നാണ് വിശദീകരിച്ചത്.