മിസ് കേരള കിരീടം ലിസ് ജയ്മോൻ ജേക്കബിന്; സാംഭവി ഫസ്റ്റ് റണ്ണറപ്പ്

Advertisement

കൊച്ചി ∙ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി ലിസ് ജയ്മോൻ ജേക്കബിനെ തിരഞ്ഞെടുത്തു. കെ.സാംഭവി ഫസ്റ്റ് റണ്ണറപ്പായും നിമ്മി കെ.പോൾ സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന ടൈറ്റിൽ കൂടാതെ, മത്സരത്തിൽ മിസ് ടാലന്റഡ്, മിസ് വോയ്സ്, മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കൺജെനിയാലിറ്റി, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ, മിസ് ഫോട്ടോജെനിക് എന്നിവരെയും തിരഞ്ഞെടുത്തു.

കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിലാണ് സൗന്ദര്യമത്സരം അരങ്ങേറിയത്. വ്യത്യസ്ത മേഖലകളിലും പശ്ചാത്തലങ്ങളിലുമുള്ള 24 യുവതികൾ അന്തിമ ഘട്ടത്തിൽ മത്സരിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് മത്സരം ആരംഭിച്ചത്. സാരി റൗണ്ട് വിത്ത് ഇൻട്രഡക്‌ഷൻ, ഇൻഡോ- വെസ്‌റ്റേൺ കോസ്റ്റ്യൂമിൽ ക്വസ്റ്റ്യൻ റൗണ്ട്, ഗൗൺ വിത്ത് കോമൺ ക്വസ്റ്റ്യൻ റൗണ്ട് എന്നിവയായിരുന്നു ഫൈനൽ റൗണ്ടുകൾ.

ഒന്നിലധികം റൗണ്ട് സ്‌ക്രീനിങ്ങുകൾക്കും ഓഡിഷനുകൾക്കും ശേഷം മാസങ്ങളോളം പ്രവർത്തിച്ചാണ് മിസ് കേരള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട 24 പേരെ ഫൈനലിന് മുമ്പ് 7 ദിവസം പരിശീലിപ്പിച്ചതിന് ശേഷമാണ് വേദിയിലെത്തിച്ചത്. നീതു ജയപ്രകാശാണ് ഔദ്യോഗിക മേക്കപ്പ് പാർട്ണർ. ഫാഷൻ ഡിസൈനറായ ജിഷാദ് ഷംസുദ്ദീൻ ആണ് ഫൈനലിസ്റ്റുകളെ അണിയിച്ചൊരുക്കിയത്. മത്സരാർഥികൾക്ക് മുൻ മിസ് ഇന്ത്യ പ്രിയങ്ക ഷാ ഗ്രൂമിങ്ങും പരിശീലനവും ഫാഷൻ കൊറിയോഗ്രാഫിയും നൽകി.