ചെ ഗുവേരയുടെ മകൾ കൊല്ലത്ത് ആയുർവേദ ചികിത്സയിൽ

Advertisement

കൊല്ലം: ചെ ഗുവേരയുടെ മകൾ ഡോ.അലൈഡ ഗുവേരയും കൊച്ചുമകൾ എസ്തഫാനിയ ഗുവേരയും കൊല്ലം എൻഎസ് ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ. ഇന്നലെ വൈകിട്ടാണ് ഇരുവരെയും 10 ദിവസത്തെ കിടത്തിചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

കാൽമുട്ടിലെ അസ്ഥി തേയ്മാനത്തിനും ലിഗമെന്റിന്റെ ക്ഷതത്തിനുമാണ് ഡോ.അലൈഡ ചികിത്സ തേടുന്നത്. പേശീ സംബന്ധമായ നീർവീഴ്ചയും ഉദര ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ശാരീരിക അസ്വസ്ഥതകളുമാണ് എസ്തഫാനിയ നേരിടുന്നത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.വിശ്വനാഥൻ എന്നിവർ ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ, സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ ഇരുവരെയും ആയുർവേദ ആശുപത്രിയിൽ സന്ദർശിച്ചു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.വി.കെ.ശശികുമാറിന്റെ നേതൃത്വത്തിൽ ഡോ.പി.കെ.മോഹൻലാൽ, ഡോ.വാസുദേവൻ നമ്പൂതിരി, ഡോ.മഞ്ജു പാർവതി, ഡോ.അഭിനാഷ്, ഡോ.അഖില എസ്.രാജ്, ഡോ.ഹംന എ.സലാം, ഡോ.സോണിയ അനു, ഡോ.സജിത് എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ് ഇരുവരെയും ചികിത്സിക്കുന്നത്.

ഇരുവരും എൻഎസ് സഹകരണ ആശുപത്രി സന്ദർശിച്ച ശേഷമാണ് ആയുർവേദ ആശുപത്രിയിൽ എത്തിയത്. ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ, എം.നൗഷാദ് എംഎൽഎ, ആശുപത്രി വൈ.പ്രസിഡന്റ് എ.മാധവൻ പിള്ള, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ബാൾഡുവിൻ, വി.കെ.അനിരുദ്ധൻ, ആശുപത്രി സെക്രട്ടറി പി.ഷിബു, ഭരണസമിതി അംഗങ്ങളായ കരിങ്ങന്നൂർ മുരളി, പി.കെ.ഷിബു, പി.ജമീല, കെ.ഓമനക്കുട്ടൻ, എസ്.സുൽബത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു