കുടുംബ കോടതി പരിസരത്ത് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു

Advertisement

മലപ്പുറം. കുടുംബ കോടതി പരിസരത്ത് ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു.
മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് ഭാര്യ റുബീനയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചത്. വിവാഹമോചന കേസുമായി ബന്ധപ്പെട്ടു കോടതിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്ന് ഉച്ചക്ക് രണ്ടരയോടെ മലപ്പുറം കുടുംബ കോടതി പരിസരത്ത് ആണ് സംഭവം. വിവാഹ മോചന കേസുമായി ബന്ധപ്പെട്ടാണ് റുബീനയും ഭർത്താവ് മൻസൂർ അലിയും കോടതിയിൽ എത്തിയത്.
കോടതിക്ക് പുറത്ത് വെച്ചു ഇരുവരും സംസാരിക്കുകയും പിന്നീട് വാക്ക് തർക്കമാവുകയുമായിരുന്നു. തുടർന്നാണ് കയ്യിലുള്ള പെട്രോൾ യുവതിയുടെ ദേഹത്തേക്ക് മൻസൂർ ഒഴിച്ചത്.

തീ കത്തിക്കാനുള്ള ശ്രമം കോടതി പരിസരത്തുണ്ടായിരുന്ന അഭിഭാഷകർ ഇടപെട്ട് തടയുകയായിരുന്നു. മൻസൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.