നാടോടി ബാലിക ഹാർത്തിക്ക് സന്തോഷിക്കാം; നൃത്തം പഠിപ്പിക്കാൻ ഗുരു ഒരുക്കമാണ്

Advertisement

കോട്ടയ്ക്കൽ: സമപ്രായക്കാരായ കുട്ടികൾ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തത്തിൽ അരങ്ങേറ്റം നടത്തുന്നത് ആശ്ചര്യത്തോടെ കണ്ടുനിന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ നാടോടി ബാലികയ്ക്കു ഇനി സന്തോഷിക്കാം. ഈ പന്ത്രണ്ടുകാരിയെ സൗജന്യമായി നൃത്തം പഠിപ്പിക്കാൻ ഒരുക്കമാണെന്ന് നർത്തകിയും നൃത്ത അധ്യാപികയുമായ കലാമണ്ഡലം അരുണ ആർ.മാരാർ സന്നദ്ധത അറിയിച്ചു.

മൂന്ന് ദിവസം മുൻപാണ് വേദിക്കു സമീപത്തു നിന്നു പെൺകുട്ടി നൃത്തം കണ്ടത്. കുട്ടിയുടെ മുഖത്തെ ഭാവങ്ങൾ അടങ്ങിയ വിഡിയോ കാണികളിൽ ഒരാൾ എടുത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഓഡിറ്റോറിയത്തോടു ചേർന്ന കൈവരിയിൽ പിടിച്ചുനിന്നു നർത്തകിമാരെ കൊതിയോടെ നോക്കുന്ന കാഴ്ച ആരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. വിഡിയോ വൈറൽ ആയതോടെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമമായി.

ഗുരുവായൂർ സ്വദേശികളായ ചിലരാണ് ക്ഷേത്രത്തിനു സമീപം മാല, റിബൺ എന്നിവ വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളായ സമയ് – പിങ്കി ദമ്പതിമാരുടെ മകളായ ഹാർത്തിയാണ് ഈ ബാലിക എന്നു കണ്ടെത്തിയത്. കുട്ടിയെ ഗുരുവായൂരിൽ തിരഞ്ഞെങ്കിലും കുടുംബം അപ്പോഴേക്കും രാജസ്ഥാനിലേക്കു തിരിച്ചുപോയിരുന്നു. അടുത്തദിവസം വീണ്ടും ഗുരുവായൂരിലെത്തും. മുഷിഞ്ഞ വേഷം ധരിച്ചിരുന്നതിനാലാണ് സദസ്സിൽ ഇരിക്കാതെ കുട്ടി വേദിക്കരികെ നിന്നതെന്നാണ് പറയുന്നത്.

ഇതിനിടെ, വീഡിയോ കണ്ടു ഹാർത്തിക്കു നൃത്തത്തോടുള്ള മമത തിരിച്ചറിഞ്ഞ അരുണ ആർ.മാരാർ സഹായഹസ്തം നീട്ടുകയായിരുന്നു. കുട്ടിയെ നൃത്തം ഏതറ്റം വരെ പഠിപ്പിക്കാനും ഒരുക്കമാണെന്ന് അവർ പറയുന്നു. സിനിമാതാരങ്ങൾ അടക്കമുള്ള ഒട്ടേറെ ശിഷ്യർ സ്വന്തമായുള്ള അരുണ ആർ.മാരാർ 30 വർഷത്തോളമായി ഈ രംഗത്തുണ്ട്. ഇവരുടെ ഒട്ടേറെ ശിഷ്യർ ഗുരുവായൂരിൽ അരങ്ങേറ്റം നടത്തിയിരുന്നു. വിവിധയിടങ്ങളിൽ നൃത്തക്ലാസുകൾ നടത്തുന്ന അരുണ കോട്ടയ്ക്കലിലാണ് താമസം.

Advertisement