ജീവനക്കാരില്ല; കൊല്ലം ജില്ലാ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് കാത്തിരുന്ന് രോ​ഗികൾ മരണത്തിന് കീഴടങ്ങുന്നു

Advertisement

കൊല്ലം: ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോപ്ലാസ്റ്റിക്കായി രോ​ഗികൾക്ക് കാത്തിരിക്കേണ്ടി വരുന്നത് മാസങ്ങളോളം. ഇങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും റിപ്പോർട്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് രോ​ഗികൾക്ക് കൃത്യസമയത്ത് സേവനം നൽകാനാകാത്തതിന് കാരണമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

രജിസ്റ്റർ ചെയ്തവരെ മാസങ്ങൾക്ക് ശേഷം വിളിക്കുമ്പോൾ രോഗി മരിച്ചെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കാത്ത് ലാബ് ജീവനക്കാർ വെളിപ്പെടുത്തുന്നു.

ഡോക്ടറുടെയും ജീവനക്കാരുടെയും കുറവ് കാരണം ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. നേരത്തെ രണ്ട് ഡോക്ടർമാരുള്ളിടത്ത് ഇപ്പോൾ ഒരാളേയുള്ളു.ടെക്നീഷ്യന്മാരും നഴ്സുമാരും അടക്കം 12 പേരുണ്ടായിരുന്നിടത്ത് ഇപ്പോൾ ഒൻപത് പേർ.

നേരത്തെ അഞ്ച് ആൻജിയോഗ്രാമോ ആൻജിയോപ്ലാസ്റ്റിയോ വരെ നടക്കുമായിരുന്നു. നാല് മാസം മുമ്പ് ഒരു ഡോക്ടർ പോയശേഷം പരമാവധി മൂന്നെണ്ണം മാത്രമേ ഒരു ദിവസം നടക്കാറുള്ളു.സ്വകാര്യ ആശുപത്രികളിൽ ഹൃദയത്തിലെ ഒരു ബ്ലോക്ക് മാറ്റാൻ തന്നെ ഏറ്റവും കുറഞ്ഞത് ഒന്നേകാൽ ലക്ഷം രൂപയെങ്കിലും ചെലവാകും. എന്നാൽ ജില്ലാ ആശുപത്രിയിൽ കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സ്റ്റെന്റ് സഹിതം സൗജന്യമാണ്. കാരുണ്യ അംഗങ്ങളല്ലാത്തവർക്ക് സ്റ്റെന്റിന്റെ വില മാത്രം അടച്ചാൽ മതി.

സ്ഥലം മാറിപ്പോയ ഡോക്ടർക്ക് പകരം പുതിയ നിയമനം വൈകിപ്പിക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ആരോപണമുണ്ട്. കാത്ത് ലാബിൽ മറ്റ് സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്തതിനാൽ മറ്റ് രോഗങ്ങളുള്ള ഹൃദ്രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യേണ്ട സ്ഥിതിയാണ്.

ഇതിന് പുറമെ കാത്ത് ലാബിൽ ആൻജിയോ പ്ലാസ്റ്റിക്കും ആൻജിയോഗ്രാമിനും മുൻഗണനാ ക്രമം പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. കാത്ത് ലാബിലെ രജിസ്റ്ററിലെ മുൻഗണനാക്രമം മറികടന്ന് ഇഷ്ടക്കാരെ നേരത്തെ പരിഗണിക്കുന്നുവെന്നാണ് പരാതി.

Advertisement

1 COMMENT

  1. ഒരു വാർത്ത കൊടുക്കുമ്പോൾ ഉത്തരവാദിത്വത്തോടെ കൊടുക്കേണ്ടതാണ്. ജില്ലാ ആശുപത്രിയിലെ ഉത്തരവാദിത്തപ്പെട്ട അധികാരികളുടെ അടുത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം മാത്രം ദയവായി വാർത്ത നൽകുക.
    ഈ റിപ്പോർട്ടിൽ പറയുന്ന ചില കാര്യങ്ങളിൽ വസ്തുതാപരമായ പിഴവുകൾ ഉണ്ട്.
    ഇത്തരം വിവരങ്ങൾ തരുന്ന ആളുകളുടെ പേര് വിവരവും പദവിയും ആ വിവരം നൽകാനുള്ള അവരുടെ യോഗ്യതയും വാർത്തയോടൊപ്പം നൽകിയാൽ നന്നായിരുന്നു.

Comments are closed.