മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ ബന്ധുക്കൾ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ ധാരണയായി. കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകുമെന്ന് വയനാട് കലക്ടർ എ.ഗീത ചർച്ചയിൽ അറിയിച്ചു.
കുടുംബാംഗത്തിന് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകും. സ്ഥിരജോലിക്കായി സർക്കാരിന് ശുപാർശ നൽകും. മരിച്ച തോമസ് എടുത്ത കാർഷികവായ്പ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടർ ഉറപ്പുനൽകി.
കഴിഞ്ഞ ദിവസമാണ് നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ തൊണ്ടർനാട് പുതുശേരി പള്ളിപ്പുറത്ത് തോമസ് (സാലു-50) മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ തറവാടുവീടിനു സമീപത്തെ കൃഷിയിടത്തിൽ ആക്രമണത്തിനിരയായ തോമസ് മൂന്നരയോടെ മരിക്കുകയായിരുന്നു.