തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിക്കാൻ എല്‍ഡിഎഫ് യോഗത്തിന്റെ അനുമതി. ലീറ്ററിന് ഒരു പൈസ വർധിപ്പിക്കും. ജലവിഭവ മന്ത്രിയുടെ ശുപാർശ യോഗം അംഗീകരിച്ചു. 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് ജല അതോറിറ്റി. ഈ നഷ്ടം നികത്താനാണ് കരം വർധിപ്പിക്കുന്നത്.
ജല അതോറിറ്റിയുടെ കടം കാരണം പ്രവർത്തനങ്ങൾ നടത്താനോ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാനോ കഴിയാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ജല അതോറിറ്റിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഈ തീരുമാനത്തിലൂടെ കഴിയും. കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖ എൽഡിഎഫ് അംഗീകരിച്ചു. ഘടകക്ഷികൾ അഭിപ്രായങ്ങൾ എഴുതി നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽനിന്നും അഭിപ്രായം ശേഖരിച്ചു. വികസന കാര്യങ്ങൾ വേഗത്തിലാക്കാൻ ഒരു പൊതുനയം രൂപീകരിക്കുകയാണ് ചെയ്തതെന്നു ഇ.പി.ജയരാജൻ പറഞ്ഞു. ഓരോ വകുപ്പിലെയും മന്ത്രിമാർ ഈ നയത്തിനനുസരിച്ച് വകുപ്പിനെ ശക്തിപ്പെടുത്തണം. കാർഷിക രംഗത്തെ വിപുലീകരിക്കാനുള്ള പദ്ധതികൾ രൂപീകരിക്കണമെന്ന് നയത്തിൽ നിർദേശിക്കുന്നു. ഐടി മേഖല കൂടുതൽ വളരുന്നതിന് നടപടിയുണ്ടാകണം.
സാമൂഹികക്ഷേമ പെൻഷനുകളുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കണം. അങ്കണവാടികളുടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കും. 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാകണം. വീട്ടമ്മമാർക്ക് പെൻഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കണം. താലൂക്ക് ആശുപത്രികളിൽ നഴ്സിങ് സ്കൂളുകൾ ആരംഭിക്കണം. നദികളും കായലുകളും സംരക്ഷിക്കണം. വയോജനങ്ങൾക്ക് സുരക്ഷിത കേന്ദ്രങ്ങൾ ഉണ്ടാകണം. അന്ധവിശ്വാസത്തിനെതിരെ ബോധവൽക്കരണം ജനങ്ങളിൽ സൃഷ്ടിക്കണമെന്നും നയരേഖയിൽ പറയുന്നു.
വിദേശ സർവകലാശാലകൾ വരുന്നത് കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. സംസ്ഥാനത്തിനു ദോഷം ചെയ്യുന്ന കാര്യങ്ങൾ അതിലുണ്ടെങ്കിൽ അംഗീകരിക്കില്ല. നല്ല കാര്യങ്ങളാണെങ്കിൽ ചർച്ച ചെയ്തു അംഗീകരിക്കും. വിദേശ നിക്ഷേപത്തിനു തടസമില്ല. ആപത്തുണ്ടാക്കുന്ന നിക്ഷേപത്തെ അംഗീകരിക്കില്ല. വിദേശ നിക്ഷേപം കാലോചിതമായ മാറ്റമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ഉന്നത നിലവാരത്തിലേക്ക് ഉയരണം. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ കാലഘട്ടത്തിനനുസരിച്ച് നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.