തിരുവനന്തപുരം: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മൂന്നിലൊന്ന് സീറ്റുകളെങ്കിലും സ്ത്രീകള്‍ക്ക് നല്‍കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി.കെ. ശ്രീമതി. 50 ശതമാനം സീറ്റിൽ സ്ത്രീകള്‍ സ്ഥാനാര്‍ഥികളായി വരണമെന്നാണ് സംഘടനയുടെ ആവശ്യമെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ പി.കെ. ശ്രീമതി പറഞ്ഞു.
പാര്‍ലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം വേണമെന്ന ശക്തമായ ശുപാര്‍ശയാണ് അസോസിയേഷന്‍ നടത്തുന്നത്. ഇപ്പോള്‍ 10 ശതമാനത്തില്‍ താഴെ സ്ത്രീകളാണ് ലോക്‌സഭയിലും നിയമസഭകളിലുമുള്ളത്. സി.പി.എം അംഗത്വത്തിൽ 27 ശതമാനം സ്ത്രീകളാണ്. അനുപാതം 50 ശതമാനമാക്കാനാണ് പരിശ്രമം. സി.പി.എം സംസ്ഥാന സമിതിയില്‍ നേരത്തെ മൂന്ന് സ്ത്രീകളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 13 ആയി ഉയര്‍ന്നു.
കോണ്‍ഗ്രസില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള തര്‍ക്കം ഇപ്പോഴേ തുടങ്ങി. ലോക്‌സഭ വേണ്ട നിയമസഭ മതിയെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇത്തരം തര്‍ക്കത്തിന്റെ ഭാഗമാണ്. പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജിയായി തോന്നും. ക്രിമിനല്‍ മനോഭാവമുള്ള അപൂര്‍വം ചില പൊലീസുകാര്‍ കേരളത്തിലുണ്ട്. ഇത്തരക്കാരുടെ കൈയില്‍ വനിതകളുടെ പരാതി ലഭിക്കുമ്പോഴാണ് കേസെടുക്കാത്ത സാഹചര്യമുണ്ടാകുന്നത്. സുനുവിനെപ്പോലുള്ള ക്രിമിനലുകളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയാറായത് അപൂര്‍വ സംഭവമാണെന്നും ശ്രീമതി പറഞ്ഞു.