ദ്രാവിഡരുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് മൂന്നാറില്‍ തോട്ടം മേഖലയില്‍ തുടക്കമായി

Advertisement

ഇടുക്കി: ദ്രാവിഡരുടെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിന് മൂന്നാറില്‍ തോട്ടം മേഖലയില്‍ തുടക്കമായി. തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന തോട്ടം മേഖലയിലാണ് പൊങ്കല്‍ ആഘോഷമാകുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെയുള്ള പൊങ്കല്‍ ദിനങ്ങള്‍ ആഘോഷമാക്കാന്‍ തന്നെയാണ് പ്രദേശവാസികളുടെ തീരുമാനം. നാലു ദിവസമാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.

തമിഴ് മാസമായ മാര്‍ഗഴി അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി വരെയാണ് പൊങ്കല്‍ ദിനങ്ങള്‍. ഓരോ ദിവസങ്ങള്‍ക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസവുമാണ് ഉള്ളത്. വീടുകള്‍ വൃത്തിയാക്കി അലങ്കരിച്ചും പ്രധാനവാതിലില്‍ കാപ്പുകെട്ടി കോലങ്ങള്‍ വരച്ചുമാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പൊങ്കല്‍ ആഘോഷങ്ങളുടെ പ്രധാന ഇനം കരിമ്പാണ്.

മാര്‍ഗഴി മാസത്തിന്റെ അവസാന ദിവസമാണ് ബോഗി എന്നറിയപ്പെടുന്നത്. ഈ ദിവസം നല്ല വിള കിട്ടാന്‍ അനുയോജ്യമായ കാലാവസ്ഥ നല്‍കിയ സൂര്യഭഗവാന് നന്ദി അറിയിക്കുകയും വരും വര്‍ഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാര്‍ഥിക്കുകയുംചെയ്യും. പ്രധാനആഘോഷമായ തൈപ്പൊങ്കല്‍ തൈമാസം ഒന്നിനാണ് ആഘോഷിക്കുന്നത്. തൈപ്പൊങ്കല്‍ ദിവസം മുറ്റത്ത് വര്‍ണാഭമായ കോലം ഒരുക്കും. കോലത്തിനുസമീപം അടുപ്പുകൂട്ടി അരി പാലില്‍ വേവിക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കും. വീട്ടുകാര്‍ പുത്തന്‍വസ്ത്രങ്ങള്‍ ധരിക്കും. സമ്മാനങ്ങള്‍ കൈമാറും.

മൂന്നാംദിനം മാട്ടുപ്പൊങ്കലാണ്. മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വര്‍ണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകള്‍ നടത്തും. നാലാം ദിവസം കാണുംപൊങ്കല്‍ ആഘോഷമാണ്. ബന്ധുക്കളും സുഹൃത്തുകളും ഒത്തുകൂടുകയും മധുര പലഹാരങ്ങള്‍ അടക്കം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ദിവസമാണിത്. തമിഴ് പുതുവര്‍ഷാരംഭംകൂടിയാണ് പൊങ്കല്‍. പൊങ്കല്‍ ആഘോഷത്തിന് വീടുകള്‍ കരിമ്പ്, കൂരപ്പൂവ്, ആവാരം പൂവ്, മാവില, വേപ്പില തുടങ്ങിയവ ഉപയോഗിച്ച് അലങ്കരിച്ചു. ഇതിനുള്ള പൂക്കളുടെയും കരിമ്പിന്റെയും വില്‍പ്പന ടൗണില്‍ സജീവമാണ്. തമിഴ്‌നാട്ടിലെ ബോഡി നായ്ക്കന്നൂര്‍, തേനി എന്നിവിടങ്ങളില്‍ നിന്നാണ് ഇവയെത്തുന്നത്

Advertisement