സാമ്പത്തിക പ്രതിസന്ധി: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന് ഐ എ എസ് അസോസിയേഷന്‍

Advertisement

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അടിയന്തരമായി സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന് ഐ എ എസ് അസോസിയേഷന്‍. ധന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണം എന്നതുള്‍പ്പെടെ 10 ഇന നിര്‍ദ്ദേശങ്ങളുമായി അസോസിയേഷന്‍ പ്രസിഡണ്ടും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ആയ ഡോ.ബി. അശോക് സുദീര്‍ഘമായ ലേഖനവും എഴുതി.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അടിയന്തിരമായി സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നുള്‍പ്പടെ 10 ഇന നിര്‍ദ്ദേശങ്ങളുമായി ഐ എ എസ് അസോസിയേഷന്‍. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാമും പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂലമാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 60 ആക്കണം എന്നാണ് ഡോ. കെ. എം എബ്രഹാമിന്റെ ഉപദേശം. കിഫ് ബി യില്‍ എബ്രഹാമിന്റെ കാര്‍മികത്വത്തില്‍ നടന്ന ധൂര്‍ത്തും കെടുകാര്യസ്ഥതയും ആണ് സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചത്. 11,000 കോടി രൂപ വായ്പ എടുക്കാന്‍ കിഫ് ബി സര്‍ക്കാരിനോട് മൂന്ന് മാസം മുന്‍പ് അനുമതി തേടിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ധനമന്ത്രി ബാലഗോപാല്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പണമില്ലാതെ കിഫ് ബി യും പ്രതിസന്ധിയിലായി.

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപിക്കുന്നതില്‍ ധനമന്ത്രി ബാലഗോപാലും അനുകൂലമാണ്. ഫെബ്രുവരി 3 ന് അവതരിപ്പിക്കുന്ന ബജറ്റില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്ന കാര്യം ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചയിലാണ്. പൊതു മേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ തീരുമാനം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നതു സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചാല്‍ പ്രതിപക്ഷ പ്രതിഷേധവും യുവജന പ്രതിഷേധവും ഉണ്ടാകുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. വര്‍ദ്ധിപ്പിക്കുന്നത് പരമാവധി രണ്ട് വര്‍ഷം, പി എസ് സി ക്ക് അപേക്ഷിക്കാന്‍ രണ്ട് വര്‍ഷം പ്രായപരിധി വര്‍ദ്ധിപ്പിക്കും എന്നിങ്ങനെയുള്ള ഫോര്‍മുലകളും സര്‍ക്കാര്‍ പരിഗണിക്കുന്നു. 25160 പേരാണ് 2023 – 24 സാമ്പത്തിക വര്‍ഷം പെന്‍ഷനാകുന്നത്. പെന്‍ഷനില്‍ തുല്യത / പെന്‍ഷന്‍ കുറയ്ക്കണം , നഷ്ട സ്ഥാപനങ്ങള്‍ പൂട്ടണം, പ്രവൃത്തി ദിനങ്ങള്‍ 5 ആക്കണം, സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കണം തുടങ്ങിയവയാണ് ധന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഡോ. ബി. അശോകിന്റെ പത്തിന നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

Advertisement

2 COMMENTS

  1. Shall the Govt succeedingly raise the retirement age of govt servants every year if the financial crisis continues every year .

  2. ശരിയായി ചിന്തിക്കുന്ന, കേരളത്തിന്റെ നല്ല ഭാവി മുന്നിൽ കാണുന്ന എല്ലാവരും, ഐ എ എസ് അസോസിയേഷന്റെ അഭിപ്രായത്തോട് യോജിക്കും.
    ഞാനൊരു സർക്കാർ ജീവനക്കാരനാണ്. പക്ഷെ വ്യക്തിപരമായി പെൻഷൻ പ്രായം കൂട്ടിയാലും ഇല്ലെങ്കിലും എനിക്ക് ഒരു പ്രശ്നവുമില്ല. അതിനാൽ തന്നെ എന്റെ അഭിപ്രായം നിഷ്പക്ഷമായ വിലയിരുത്തൽ മാത്രമാണ്.
    കേരളം നിലവിൽ വന്ന കാലഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 55 വയസ്സായിരുന്നു. ആയത് പിന്നീട് 2016-ൽ ഉമ്മൻ ചാണ്ടി സർക്കാർ 56 വയസ്സായി ഉയർത്തിയിരുന്നു. 1957-ൽ പെൻഷൻ പ്രായം 55 വയസ്സായിരുന്നപ്പോൾ, കേരളത്തിലെ ശരാശരി ആയുസ്സ് 55 വയസ്സിൽ താഴെയായിരുന്നു. അതായത്, ഒരു വലിയ ശതമാനം ജീവനക്കാരും, റിട്ടയർ ചെയ്യുന്നതിന് മുമ്പ് തന്നെ മരണപ്പെടുന്നതിനാൽ, പെൻഷൻ കൊടുക്കേണ്ടത് വിരലിലെന്നാവുന്ന കുറച്ച് ജീവനക്കാർക്ക് മാത്രം. അന്ന് പെൻഷന് വേണ്ടി ചെലവ് വന്നിരുന്നത് ശമ്പള ചെലവിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രം. അവിടെ നിന്നും ഇന്ന് ശരാശരി ആയുസ്സ് 75 വയസ്സ് പിന്നിട്ടു. അതായത് ശരാശരി 20 വർഷക്കാലം റിട്ടയർ ചെയ്ത ജീവനക്കാരന് പെൻഷൻ നൽകണം. ഓരോ വർഷവും ഏകദേശം 20000 പേർ പെൻഷൻ നൽകേണ്ട കൂട്ടത്തിലേക്ക് കൂട്ടപ്പെടുന്നു. അങ്ങിനെ 1957-ലെ ഒന്നോ രണ്ടോ ശതമാനത്തിൽ നിന്ന് ഇപ്പോൾ പെൻഷൻ ചെലവ് ശമ്പളത്തിന്റെ 80% -ൽ എത്തിനിൽക്കുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ സമീപ ഭാവിയിൽ തന്നെ പെൻഷൻ ചെലവ് ശമ്പള ചെലവിനെ മറികടക്കും.
    ഇക്കാര്യങ്ങൾ ശരിയായി വിലയിരുത്തി, ജനങ്ങളുടെ ഭാവി പരിഗണിച്ചു് കേരളം ഒഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ പെൻഷൻ പ്രായം 60, 62 വയസ്സായി ഇതിനകം വർധിപ്പിച്ചു കഴിഞ്ഞു. കേരളം (56 വയസ്സ്), പശ്ചിമ ബംഗാൾ (58), മഹാരാഷ്ട്ര (59) എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് പെൻഷൻ പ്രായം ഇപ്പോഴും 60-ൽ താഴെ നിലവിലുള്ളത്.
    അപ്പോൾ കേവലം പതിനായിരം പേർക്ക് ജോലി കിട്ടുന്നത് ഒരു രണ്ടോ മൂന്നോ വർഷം ഷിഫ്റ്റ്‌ ചെയ്യപ്പെടുന്നതാണോ, വരുമാനത്തിന്റെ വലിയൊരു ശതമാനം പെൻഷൻ കൊടുത്ത് വികസന പ്രവർത്തനങ്ങളും നിലനിൽപ്പും ഇല്ലാതക്കുന്നതാണോ സംസ്ഥാനത്തിന് ഹിതകരം എന്ന് ചിന്തിക്കേണ്ട സമയം അധിക്കരിച്ചിരിക്കുന്നു. സർക്കാർ ജോലി രണ്ടോ മൂന്നോ വർഷം കഴിഞ്ഞാലും കിട്ടും. ജോലികിട്ടിയിട്ടും, സംസ്ഥാനം സാമ്പത്തികമായി തകർന്ന്ശ ശമ്പളം തന്നെ കിട്ടാത്ത അവസ്ഥയിലേക്ക് പോകണോ, അതാണ് ചിന്തിക്കേണ്ടത്. 🙏

Comments are closed.