കൊച്ചി: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലമായി പിടിച്ചു തള്ളിയതില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനും ദേവസ്വം കമ്മീഷണര്‍ക്കും കോടതി നിര്‍ദേശം നല്‍കി. വിഷയം ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
ദര്‍ശനത്തിനെത്തിയ ഭക്തരോടുള്ള ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറാണ് സന്നിധാനത്ത് ഭക്തരോട് അപമര്യാദയായി പെരുമാറിയത്. ഗാര്‍ഡിനെ ചുമതലയില്‍ നിന്നും മാറ്റിയതായി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
മകരവിളക്ക് ദിവസമായിരുന്നു സംഭവം. ദീപാരാധനയ്ക്ക് ശേഷം തൊഴാനെത്തിയ ഭക്തരെയാണ് ഗാര്‍ഡ് അരുണ്‍ ബലമായി ദേഹത്തു പിടിച്ച് തള്ളി മാറ്റിയത്. സിപിഎമ്മിന്റെ യൂണിയനായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ നേതാവാണ് ഇയാള്‍.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തു വന്നിരുന്നു.