മേടം രാശി(അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:):
ശനിയുടെ രാശിമാറ്റം മേടം രാശിക്കാർക്ക് കൂടുതൽ ഗുണകരമാണ്. ഇവർക്ക് ശനി പതിനൊന്നാം ഭാവത്തിൽ വരുന്നു. പലതരം നേട്ടങ്ങളുണ്ടാകുന്ന കാലഘട്ടമാണ് പിറക്കുന്നത്. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധത്തോടെ പഠിക്കാൻ കഴിയും. തൊഴിൽ തേടുന്നവർക്ക് കാത്തിരിപ്പ് അവസാനിച്ച് നല്ല ജോലിയിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് ശമ്പളക്കയറ്റം, വീട്ടിനടുത്തേക്ക് സ്ഥലംമാറ്റം എന്നിവ ഉണ്ടാവും. കച്ചവടക്കാർക്ക് ലാഭം വർദ്ധിക്കും. കർമ്മരംഗം വിപുലീകരിക്കാനാവും. സമൂഹത്തിൽ മാന്യതയും പദവിയും ഉയരും. എതിർപ്പുകളെ സമർത്ഥമായി അതിജീവിക്കാനുള്ള ശക്തിയുണ്ടാകും. ന്യായമായ ആഗ്രഹങ്ങൾ മിക്കതും പൂർത്തീകരിക്കാനും സാധിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ അധികം അലട്ടുകയില്ല.സമൂഹത്തിൽ സ്ഥാനമാനങ്ങൾ , മനഃ സുഖം എന്നിവ ലഭിക്കുന്ന കാലമാണ്.
ഇടവം രാശി (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും ) :
ശനി കുംഭത്തിലെത്തുമ്പോൾ ‘കണ്ടക ശനി’ ആരംഭിക്കുകയായി. പത്താം ഭാവത്തിലാകയാൽ പ്രധാനമായും കർമ്മരംഗത്തെ ബാധിക്കും. അലസതയും ഉന്മേഷക്കുറവും പ്രവർത്തനത്തിൽ വന്നുചേരും. കൂറിന്റെ പന്ത്രണ്ടിൽ ശനി നോക്കുന്നതിനാൽ ചെലവുകൾ ഉയർന്നേക്കും. സുഖാനുഭവങ്ങൾക്കും കുറവുണ്ടായേക്കാം. എങ്കിലും ശത്രുവിജയം, വ്യവഹാരങ്ങളിൽ അനുരഞ്ജനം, രാഷ്ട്രീയ മത്സരങ്ങളിൽ വിജയം, ദാമ്പത്യസൗഖ്യം, വിദ്യാഭ്യാസ നേട്ടം എന്നിവയും അനുകൂലമായ ഘടകങ്ങളാണ്.വീടിനു അറ്റകുറ്റപ്പണികൾ , വീട് മാറി താമസിക്കേണ്ട സാഹചര്യം ഇവയുണ്ടാവാം. ആരോഗ്യകാര്യത്തിൽ കൂടതൽ ശ്രദ്ധ വേണം. ജീവിത ശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടി വരാം
.
മിഥുനംരാശി (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ശനി ഒൻപതാം ഭാവത്തിലേക്ക് വരുന്നു. ഇതുവരെ ‘അഷ്ടമശനി’ വളരെയധികം ക്ലേശങ്ങൾ വരുത്തിയിരുന്നു. ഇനി മുതൽ അദ്ധ്വാനത്തിന് അർഹമായ വേതനവും അംഗീകാരവും കിട്ടും. ദാമ്പത്യജീവിതം സ്നേഹോഷ്മളമാകും. വലിയ ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാനാവും.യാത്രകൾ കൂടുതലായി വേണ്ടി വരാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാം. ബന്ധു സമാഗമം ഉണ്ടാവാം. ചെറിയ രീതിയിൽ സന്തോഷം എപ്പോഴും നിലനിൽക്കും. ഭാഗ്യപരീക്ഷണങ്ങളിൽ നേട്ടങ്ങളുണ്ടാവും. മക്കളുടെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. കടബാധ്യതകൾ തീർക്കാനുളള ശ്രമങ്ങൾ ലക്ഷ്യം കാണും. പുതിയ സംരംഭങ്ങൾ തുടങ്ങാനും അവയിൽ നിന്നും ആദായം കണ്ടെത്താനുമാവും. കരാർ പണികൾ സ്ഥിരതൊഴിലായി മാറാം. പിതൃസ്വത്ത് അധീനത്തിൽ വന്നുചേരും. കുടുംബസമേതം ധാരാളം തീർത്ഥയാത്രകൾ നടത്താൻ അവസരം ലഭിക്കും. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധയുണ്ടാവണം.
കർക്കടകം രാശി(പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):
ഈ കൂറുകാർക്ക് അഷ്ടമശനിയാണ്. വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്. വലിയ സാമ്പത്തികച്ചുമതലകളും പദവികളും ഏറ്റെടുക്കുമ്പോൾ വിദഗ്ദ്ധോപദേശം തേടണം. സുലഭം എന്ന് കരുതിയവ പോലും ദുർലഭമായേക്കാം. ക്ഷമയും സഹനവും ജീവിത വിജയത്തിന് അനിവാര്യമെന്ന് സ്വയം തിരിച്ചറിയും. ഹൃദയബന്ധങ്ങൾ ശിഥിലമാവാതിരിക്കാൻ കരുതൽ വേണം. എന്നാലും ചില നേട്ടങ്ങളും വിദേശധനവും കൈവരാതിരിക്കില്ല. ചികിത്സകൾ കൊണ്ട് പ്രയോജനമുണ്ടാവും. ഗൃഹനിർമ്മാണം ആരംഭിക്കാനാവും. വ്യവഹാരങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാവും ഉചിതം.
ചിങ്ങം രാശി(മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ഈ കൂറുകാർക്ക് കണ്ടകശ്ശനിക്കാലമാണ്. ശനിയുടെ മാറ്റം ഏഴാം രാശിയിലേക്കാണ്.വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.. കുടുംബജീവിതത്തിൽ, വിശേഷിച്ച് ദാമ്പത്യത്തിൽ കൂടുതൽ ശ്രദ്ധാപൂർവം പെരുമാറേണ്ട കാലമാണ്. അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്നതാവും ഉചിതം. യാത്രകൾ അനിവാര്യമായിത്തീരും. പഠനം, തൊഴിൽ എന്നിവക്കായി വിദേശത്ത് പോകേണ്ടിവരും. നാട്ടിലേക്ക് മടങ്ങാനും കുടുംബവുമൊത്ത് ജീവിക്കാനും ആഗ്രഹിക്കുന്ന പ്രവാസികൾക്ക് കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരാം. കൂട്ടുകച്ചവടത്തിൽ ജാഗ്രത വേണം. സാമ്പത്തികമായി തരക്കേടില്ലാത്ത സമയമാണ്. അവിവാഹിതരുടെ വിവാഹം നടക്കാൻ കാലതാമസം ഉണ്ടാകും . ആരോഗ്യ പരിശോധനകൾക്ക് അലംഭാവമരുത്.
കന്നി രാശി (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ശനി ആറാം ഭാവത്തിലാണ് വരുന്നത്. ഈ രാശിക്കാർക്ക് ശനിമാറ്റം മൂലം സദ്ഫലങ്ങൾ അനുഭവത്തിൽ വരാം. ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലെല്ലാം വിജയിക്കും.ഏറ്റവും ഗുണകരമായ മാറ്റമാണത്. എങ്ങനെ നോക്കിയാലും നേട്ടങ്ങൾക്കാവും ഈ രാശിമാറ്റം കാരണമാവുക. തൊഴിൽ രംഗം പുഷ്ടിപ്പെടും. ധനപരമായ ക്ലേശങ്ങൾ, കടബാധ്യത എന്നിവ ഒരു പരിധി വരെ പരിഹരിക്കപ്പെടും. ആത്മവിശ്വാസം വർദ്ധിക്കും. ഗാർഹികമായി ക്ഷേമം പുലരും. വിഷമിപ്പിച്ചു കൊണ്ടിരുന്ന രോഗങ്ങൾക്ക് നല്ല കുറവ് അനുഭവപ്പെടും. വീട്, വാഹനം ഇവ ചിരകാല അഭിലാഷങ്ങളാണെങ്കിൽ അവ സ്വന്തമാക്കാൻ കഴിയും.തൊഴിൽ മാറ്റത്തിന് അനുയോജ്യമായ സമയമാണ്. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. സമൂഹത്തിൽ അംഗീകാരങ്ങൾക്ക് സാധ്യത. അമിതമായ ചെലവ്, മുൻപിൻ നോക്കാതെയുള്ള സംഭാഷണം, വഴക്ക് കൂടുന്ന അവസരങ്ങൾ എന്നിവ ഒഴിവാക്കുക .
തുലാം രാശി (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
തുലാക്കൂറുകാർക്ക് കണ്ടകശനി മാറുകയാണ്. മനസ്സന്തോഷം ഭവിക്കും. വീട് സംബന്ധിച്ച് നല്ല കാര്യങ്ങൾ നടക്കും. പുതിയ വീട് വാങ്ങാൻ യോഗമുണ്ട്. വരുമാനം ഉയരും. സാമ്പത്തിക സ്വാശ്രയത്വം ഉണ്ടാവും. ആരോഗ്യപരമായും മെച്ചപ്പെട്ട കാലമായിരിക്കും. ബൗദ്ധികമായ പ്രവർത്തനങ്ങൾ വിജയിക്കും. കർമ്മരംഗത്തും ഉന്നമനം വരും. സന്താനങ്ങളുടെ കാര്യത്തിൽ-അവരുടെ പഠനം, സൗഹൃദം, ദാമ്പത്യം- സമയോചിതമായ ഇടപെടലുകൾ നടത്തി ആവശ്യമായ പിന്തുണ, ഉപദേശനിർദ്ദേശങ്ങൾ എന്നിവ നൽകുന്നത് അഭിലഷണീയമായിരിക്കും. അവിവാഹിതരുടെ വിവാഹസ്വപ്നം സാക്ഷാൽക്കരിക്കപ്പെടും.
വൃശ്ചികം രാശി(വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
ശനി മൂന്നിൽ നിന്ന് നാലാം ഭാവത്തിൽ വരികയാൽ ‘കണ്ടക ശനി’ തുടങ്ങുകയാണ്. ഭയാശങ്കകൾ ആവശ്യമില്ല. ഗുണങ്ങൾ തന്നെയാവും അധികവും അനുഭവത്തിൽ വരിക. തൊഴിലിലും കുടുംബ ജീവിതത്തിലും ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളും. പാരമ്പര്യ വസ്തുക്കളിലുള്ള തർക്കം അവസാനിക്കും. കൈവശാവകാശം വന്നുചേരും. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യകാര്യത്തിലും ഒപ്പം സ്വന്തം ആരോഗ്യത്തിലും ജാഗ്രത വേണം. അലസത ഒഴിവാക്കണം. ഒന്നും പിന്നത്തേക്ക് മാറ്റിവയ്ക്കാതെ അപ്പോൾത്തന്നെ ചെയ്തു തീർക്കണം.
ധനു രാശി(മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ശനിമാറ്റം മൂലം ഏറ്റവും പ്രയോജനം ലഭിക്കാവുന്ന കൂറുകാരാണ് ഇക്കൂട്ടർ. ഇവരുടെ എല്ലാ ദുരിതങ്ങളും മാറാൻ പോകുന്ന കാലമാണ്. ഏഴരശനിക്കാലം അവസാനിക്കുകയാണ്. ജീവിതം ഐശ്വര്യ പൂർണമാകും. കഴിവുകൾ അംഗീകരിക്കപ്പെടും. മുടങ്ങിക്കിടന്ന പലതും പൂർത്തിയാക്കാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, സന്താന പ്രാപ്തി എന്നിങ്ങനെ പ്രായവും സാഹചര്യവും അനുസരിച്ചുള്ള കാര്യങ്ങൾ നിർവഹണ സന്ധിയിലെത്തും. നിക്ഷേപങ്ങളിൽ ആദായം വർദ്ധിക്കും. എതിർപ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാനാവും. കുടുംബഭദ്രതയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഉണ്ടാവും. കച്ചവടം, കൃഷി എന്നിവയിൽ നിന്നും വരുമാനം കൂടും .
മകരം രാശി (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
ശനി കുംഭത്തിലേക്ക് മാറുമ്പോൾ ഏഴര ശനിയുടെ കഷ്ടതയ്ക്ക് ചെറിയ മാറ്റം വരും. ധനപരമായി മെച്ചമുണ്ടാവും. കിട്ടാക്കടങ്ങൾ കിട്ടിയേക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ച നേടും. രണ്ടിലെ ശനി അഷ്ടമത്തിൽ നോക്കുകയാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കാര്യസിദ്ധിക്ക് കൂടുതൽ കഷ്ടപ്പെടേണ്ടി വരും. ഗൃഹനിർമ്മാണം വളരെ പതുക്കയേ നടക്കുകയുള്ളൂ. വാഹനം കൈകാര്യം ചെയ്യുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം. ആരോഗ്യകാര്യത്തിലും ശുഷ്കാന്തി വേണം. ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണിത്.
കുംഭം രാശി (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും) :
ജന്മരാശിയിലേക്ക് ശനി മാറുന്നതിനാൽ ജന്മശനിയും കണ്ടക ശനിയും ഒരുമിച്ച് സംഭവിക്കുന്നു.കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, പഠന വൈകല്യം, തൊഴിൽ പരമായ അശാന്തികൾ തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകുമെങ്കിലും സമഗ്രചിന്തയിൽ നേട്ടങ്ങൾ തന്നെയാണ് പറയേണ്ടത്. ആദ്യത്തെ വിഘ്നങ്ങൾ ഒഴിയുമ്പോൾ വിജയം നേടാനാവും. ക്ഷമയും സഹനവുമാണ് വേണ്ടത്. കലഹവും തർക്കവും ഒഴിവാക്കി അനുരഞ്ജനത്തിന്റെ പാതയിൽ നീങ്ങിയാൽ ആഗ്രഹ സഫലീകരണം ഉണ്ടാവും. വമ്പൻ മുതൽ മുടക്കുകൾക്ക് തുനിയാതിരിക്കുന്നതാവു ഉചിതം.രോഗം വന്നാൽ ചികിൽസക്ക് മടിക്കരുത്. നിലവിലുള്ള തൊഴിൽ ഉപേക്ഷിച്ച് മറ്റൊരു തൊഴിലിന് ശ്രമിക്കുന്നതും അത്ര ആശാസ്യമല്ല.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
ശനി പന്ത്രണ്ടാം രാശിയിലേക്ക് വരുന്നു. ഏഴര ശനിയുടെ തുടക്കകാലമാണ്.ദൂരയാത്രകൾ ഉണ്ടാവും. ചിലവ് വർധിക്കും. ധനനഷ്ടം ഉണ്ടാകാം. വാഹനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക . തൊഴിൽ അല്ലെങ്കിൽ പഠനാർത്ഥം വിദേശത്ത് ജീവിക്കേണ്ട സാഹചര്യം ഉദിക്കാം. ഗൃഹനിർമ്മാണം തുടങ്ങാൻ സാധ്യത കാണുന്നു. ശനി സ്വക്ഷേത്രബലവാനാകയാൽ ഇതിൽ വ്യക്തമാക്കിയ ദുരിതങ്ങൾ നാമമാത്രമാകാം. ഗുണങ്ങൾ വന്നെത്തുകയും ചെയ്യും. ആലോചനയില്ലാതെ ഒരു കാര്യത്തിലും എടുത്തു ചാടരുത്. ആലോചനാപൂർവം ചെയ്യുന്ന കർമ്മങ്ങൾ വിജയിക്കും.