തിരുവനന്തപുരം: ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാ ഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
ജീവപര്യന്തം തടവിനു പുറമേ തെളിവു നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണു പ്രതിയെ ശിക്ഷിച്ചത്.
രണ്ടു കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നല്‍കാതെയാണ് പ്രതി സുനിതയെ ജീവനോടെ ചുട്ടെരിച്ചതെന്നും പ്രതിക്കു സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹത ഇല്ലെന്നും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ എം. സലാഹുദ്ദീന്‍ വാദിച്ചു. സുപ്രീം കോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിയ്ക്ക് മരണ ശിക്ഷ നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.
2013 ഓഗസ്റ്റ് മൂന്നിനാണ് പ്രതി തന്റെ ഭാര്യയെ മണ്‍വെട്ടിയുടെ കൈ കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ ചുട്ടെരിച്ചത്. മൂന്നു കഷണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്നു ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ച ശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചു. ഏഴും അഞ്ചും വയസുള്ള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് പ്രതി സുനിതയെ തലയ്ക്ക് അടിച്ചു വീഴ്ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചത്. ഇതിനിടെ, പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷണങ്ങളാക്കിയതും.
അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് പ്രതി കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചു. പ്രതി കുട്ടികളെയും നിരന്തരം ഉപദ്രവിച്ചിരുന്നത് കൊണ്ടാണ് വീട്ടു ജോലിയ്ക്ക് പോയി കിട്ടുന്ന പണം ഉപയോഗിച്ച് സുനിത കുട്ടികളെ ഒരു സ്വകാര്യ സ്‌കൂളിന്റെ കോണ്‍വെന്റില്‍ നിര്‍ത്തി പഠിപ്പിച്ചിരുന്നത്. എല്ലാ വെളളിയാഴ്ചയും കുട്ടികളെ വിളിച്ചു കൊണ്ട് വന്ന ശേഷം തിങ്കളാഴ്ച സുനിത തന്നെ കോണ്‍വെന്റില്‍ കൊണ്ട് വിടുമായിരുന്നു. സുനിത ഇടയ്ക്കിടെ സ്‌കൂളിലെത്തി അധ്യാപകരെ കണ്ട് കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും അന്വേഷിച്ചിരുന്നു.
സുനിതയെ ദിവസങ്ങളോളം കാണാതിരുന്നതിനെ തുടർന്ന് മദര്‍ സുപ്പീരിയര്‍ കുട്ടികളോടു വിവരം അന്വേഷിച്ചപ്പോള്‍ അമ്മ മറ്റൊരാളോടൊപ്പം പോയെന്ന് അച്ഛന്‍ പറഞ്ഞതായി കുട്ടികള്‍ മദറിനോട് പറഞ്ഞു. ഇതന്വേഷിക്കാൻ സുനിതയുടെ വീട്ടിലെത്തിയ മദറിനെ വീട്ടില്‍ കയറ്റാന്‍ ജോയ് തയ്യാറായില്ല. സംശയം തോന്നിയ മദര്‍ വീടിന്റെ പരിസരം നിരീക്ഷിച്ചപ്പോള്‍ സെപ്റ്റിക് ടാങ്കിനു സമീപം പോകുന്നതിനെ ജോയ് ശക്തമായി തടഞ്ഞിരുന്നെന്ന് മദര്‍ കോടതിയില്‍ മൊഴി നല്‍കി.
ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാതിരുന്ന സുനിതയ്ക്ക് വേണ്ടി പരാതി നല്‍കിയത് അന്നത്തെ ആനാട് വാര്‍ഡ് മെംമ്പര്‍ ആയിരുന്ന ഷിജുകുമാറാണ്. സ്ത്രീകളടക്കമുളള നാട്ടുകാരാണ് സുനിതയക്ക് വേണ്ടി മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയത്. 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 35 രേഖകളും 23 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ. തുഷാര രാജേഷ്, എന്നിവർ ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് കോടതിയിൽ കുറ്റപത്രം ഹാജരാക്കിയത്.
അമ്മ കൊല്ലപ്പെടുകയും അച്ഛന്‍ ജയിലിലാകുകയും ചെയ്ത സാഹചര്യത്തില്‍ അനാഥരായ കുട്ടികള്‍ ഒരു അനാഥാലയത്തിന്റെ സംരക്ഷണയിലായിരുന്നു. ഇവരെ പിന്നീട് ആലപ്പുഴയുള്ള ഒരു കുടുംബം നിയമപരമായി ദത്ത് എടുത്തു. അച്ഛനെതിരെ സാക്ഷി പറയാന്‍ കുട്ടികൾ കോടതിയില്‍ എത്തിയിരുന്നു. കോടതിയില്‍ എത്തിയ കുട്ടികള്‍ പ്രതിയെ കാണാന്‍ കൂട്ടാക്കുകയോ പ്രതിയുടെ സാന്നിധ്യത്തില്‍ മൊഴി നല്‍കാനോ തയാറായില്ല. കോടതി ഇടപെട്ട് പ്രതിയെ കോടതി മുറിയ്ക്ക് പുറത്തു നിര്‍ത്തിയാണ് കുട്ടികളുടെ മൊഴി എടുത്തത്. പിഴത്തുക കുട്ടികള്‍ക്കു നല്‍കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.
ദൃക്സാക്ഷികള്‍ ആരും ഇല്ലാതിരുന്ന ആനാട് സുനിത കൊലക്കേസില്‍ പ്രോസിക്യൂഷനു സഹായകരമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ദരുടെ മൊഴികളുമാണ്. സുനിതയെ പ്രതി ജോയ് തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടതായി സുനിതയുടെ മക്കള്‍ മൊഴി നല്‍കിയിരുന്നെങ്കിലും കൊല്ലപ്പെട്ടത് സുനിതയല്ലെന്നാണ് പ്രതിഭാഗം അവകാശപ്പെട്ടിരുന്നത്. സുനിതയുടെ ഡിഎന്‍എ പരിശോധനാ ഫലവും സുനിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴികളുമാണ് നിർണായകമായത്.