മാമനോടൊന്നും തോന്നല്ലേ മക്കളെ ‘കായിക മന്ത്രി വി അബ്ദുറഹ്‌മാനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍

Advertisement

ഹൈദരാബാദില്‍ ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവെച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം… മാമനോടൊന്നും തോന്നല്ലേ മക്കളെ’ എന്ന കുറിപ്പോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം അരങ്ങേറുന്നതിന് മുമ്ബ് ടിക്കറ്റ് നിരക്കിലെ വര്‍ധനവ് ചൂണ്ടിക്കാട്ടിയപ്പോള്‍ പട്ടിണി കിടക്കുന്നവര്‍ കളികാണാന്‍ വരേണ്ടതില്ലെന്ന മന്ത്രിയുടെ മറുപടി വന്‍ വിവാദങ്ങള്‍ക്കിടയാക്കുകയും എല്‍.ഡി.എഫ് നേതാക്കളടക്കം വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

courtesy akhil, kidilan trolls

കളി കാണാന്‍ സ്റ്റേഡിയത്തിലെത്താതെയായിരുന്നു മന്ത്രിക്ക് കായിക കേരളത്തിന്റെ മറുപടി. അതിന് മുമ്ബത്തെ നാല് അന്താരാഷ്ട്ര മത്സരങ്ങളിലും നിറഞ്ഞുകവിഞ്ഞ ഗാലറി അന്ന് ശുഷ്‌കമായി. 39,571 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ 12,000ത്തോളം പേര്‍ മാത്രമാണെത്തിയത്. ഇതില്‍ പകുതിയും സൗജന്യ പാസുകളായിരുന്നു. 6200ഓളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയത്. വില്‍പനക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകള്‍പോലും വില്‍ക്കാത്തത് കേരളത്തില്‍ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തില്‍ ആദ്യമായായിരുന്നു.

മത്സരവുമായി ബന്ധപ്പെട്ട് കായികമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രസ്താവനങ്ങള്‍ ടിക്കറ്റ് വില്‍പനയെ ബാധിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ആരോപിച്ചിരുന്നു.