തിരുവനന്തപുരം:
സ്വാഭാവിക അഭിനയത്തിലൂടെയും തനതായ രീതിയിലൂടെയും മലയാള സിനിമപ്രേമികളുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുത്ത നടനായിരുന്നു കരമന ജനാർദ്ദനൻ. അദ്ദേഹത്തിൻറെ മകനായ കരമന സുധീറും ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ്. വില്ലൻ കഥാപാത്രങ്ങളിലും സ്വഭാവനടനായും നിരവധി മലയാള സിനിമകളിലൂടെ താരം ഇതിനോടകം മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയിലെ പ്രധാനപ്പെട്ട നടന്മാരിൽ ഒരാൾ തന്നെയാണ് ഇപ്പോൾ കരമന സുധീർ എന്ന് നമുക്ക് പറയാം. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കിടയിലും കരമന സുധീറിന് നിരവധി നല്ല സൗഹൃദങ്ങൾ ഇപ്പോൾ ഉണ്ട്. അതിന് തെളിവാണ് 2022 ൽ അമ്മയുടെ എക്സിക്യൂട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ട് നേടിയതും കരമന സുധീർ ആണ്.
അഭിനേതാവിനെ പുറമേ അദ്ദേഹം ഒരു സ്കൂളിലെ പ്രിൻസിപ്പൽ കൂടിയാണ് എന്ന് പലർക്കും അറിയില്ല. കഴിഞ്ഞ 17 വർഷമായി വേങ്ങന്നൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൻ്റെ പ്രിൻസിപ്പൽ പദവി വഹിക്കുകയാണ് കരമന സുധീർ. 1998 ലാണ് ഈ സ്കൂളിൽ അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്ത് തുടങ്ങിയത്. 2003 സ്കൂളിലെ പ്രിൻസിപ്പലായി താരത്തിനു സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് സ്കൂളിൽ നിന്നും അവധിയെടുത്താണ് താരം ചലച്ചിത്ര അഭിനയ രംഗത്തേക്കു സജീവമായത്. ഇപ്പോഴും വീണ്ടും സ്കൂളിലെ പ്രിൻസിപ്പൽ ചുമതല ഏറ്റെടുക്കുകയാണ് താരം.ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും നേരെ സ്കൂളിലേക്ക് വരുന്ന അദ്ധ്യാപകൻ എല്ലാവർക്കും അത്ഭുതമാകും. സ്കൂൾ പ്രിൻസിപ്പളായുള്ള സേവനം തുടരുമെങ്കിലും മലയാളചലച്ചിത്ര രംഗത്തും സജീവമായി തന്നെ തുടരുമെന്നാണ് താരം പറയുന്നത്.
സ്കൂൾ പഠനകാലത്ത് തന്നെ കായിക രംഗത്തും കലാരംഗത്തും മികവ് പുലർത്തിയിരുന്ന ആളായിരുന്നു സുധീർ. മാത്രമല്ല താരം ഒരുകാലത്തു മികച്ച ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്നു. പഠനകാലത്ത് നല്ലൊരു മോണോ ആക്ടുകാരനും ചിത്രകാരനുമൊക്കെ ആയിരുന്നു. ബിഎഡ് പഠിക്കുന്ന സമയത്താണ് പ്രൊഫഷണൽ കോളേജ് കലോത്സവത്തിൽ ആദ്യമായി കലാപ്രതിഭയായി അദ്ദേഹം മാറിയത്. മാത്രമല്ല അവിടെ വെച്ച് അദ്ദേഹം സ്പോർട്സ് ചാമ്പ്യനും ആയിരുന്നു . തുടർന്ന് അധ്യാപകനായി ജോലിക്ക് കയറി. ഇതിനിടയിൽ ഒരു അധ്യാപികയെ തന്നെ ജീവിതപങ്കാളിയായി കൂടെ കൂട്ടുകയും ചെയ്തിരുന്നു. തിരക്കുകൾക്കിടയിലും കലാജീവിതം അദ്ദേഹം കൈവിട്ടിരുന്നില്ല.
തുടർന്നാണ് വെങ്ങാനൂർ സ്കൂളിൽ അധ്യാപകനായി എത്തിയതും പിന്നീട് അവിടുത്തെ പ്രിൻസിപ്പാളായി മാറിയതും. തിരക്കുള്ള നടനായി മാറിയപ്പോഴും അദ്ദേഹം പഠിച്ചു വാങ്ങിയ ജോലിയും നഷ്ടപ്പെടുത്താൻ തയാറായില്ല. പഠിച്ചു വാങ്ങിയ ജോലി പാരമ്പര്യമായി തനിക്ക് ലഭിച്ച കഴിവും ഒരുപോലെ തന്നെ മുന്നോട്ടു കൊണ്ടു പോകാൻ ആണ് അദ്ദേഹത്തിൻ്റെ ആഗ്രഹം. അതേസമയം സ്കൂളിൽ പ്രിൻസിപ്പളായി ചെല്ലുമ്പോൾ കുട്ടികൾ സെൽഫി എടുക്കാനായി അടുത്തു വരുമോ എന്നാണ് പല ആരാധകരും കളിയാക്കിക്കൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. ആ സ്കൂളിലെ കുട്ടികൾക്ക് തങ്ങളുടെ പ്രിൻസിപ്പൽ വലിയ സിനിമ നടനാണെന്ന് പറഞ്ഞു നടക്കാമെന്നും ആരാധകർ പറയുന്നുണ്ട്.