‘പേര് പരസ്യമാക്കരുത്’: ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ച് പൂജാ ബംപർ ഭാഗ്യശാലി

Advertisement

തിരുവനന്തപുരം: പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോട്ടറിയടിച്ചയാൾ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽനിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാൽ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങൾ പുറത്തുവിടാറില്ല.

ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ. 2022 നവംബർ 20നായിരുന്നു പൂജാ ബംപർ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ലോട്ടറി അടിച്ച വിവരം എല്ലാവരെയും അറിയിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയും ചെയ്തതോടെ പണം ആവശ്യപ്പെട്ട് നിരവധി പേർ വീട്ടിലെത്തുന്ന സാഹചര്യമുണ്ടായി. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാത്തതിനെ തുടർന്ന് താമസം താൽക്കാലികമായി മാറേണ്ടിവന്നു.

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത 10 കോടി രൂപയുടെ ക്രിസ്മസ് – പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാന ജേതാവിനെ കണ്ടെത്താനായിട്ടില്ല. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുകയാണ് ജേതാവിനു ലഭിക്കുന്നത്.