മര്യാദക്കാരനാണെന്ന പേരില്‍ നാട്ടിലിറങ്ങി വിലസാന്‍ അനുവദിച്ച പടയപ്പക്ക് പണി കിട്ടി, ഒപ്പം ടൂറിസംകാര്‍ക്കും

Advertisement

മൂന്നാർ. മര്യാദക്കാരനാണെന്ന പേരില്‍ നാട്ടിലിറങ്ങി വിലസാന്‍ അനുവദിച്ച പടയപ്പക്ക് പണി കിട്ടി, മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ കാട്ടാനകളെ നാടുകടത്താനുള്ള തീരുമാനം പടയപ്പ, ചക്കക്കൊമ്പൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കാട്ടാനകളുടെ ജനവാസ മേഖലയിലെ സുഖവാസത്തിന് അറുതി വരുത്തും.

ദേവികുളം എംഎൽഎ എ. രാജയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. പൊതുവേ ശാന്തനായിരുന്ന പടയപ്പയെന്ന കാട്ടാന കഴിഞ്ഞ കുറച്ച് നാളുകളായി അക്രമസ്വഭാവം കാട്ടുന്നുണ്ട്. നിരവധി പേരുടെ ജീവൻ എടുത്ത ചക്കക്കൊമ്പനും സമീപകാലത്ത് ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതച്ചിരുന്നു. ചക്കക്കൊമ്പന്‍റെ സാന്നിധ്യം കൂടിയായതോടെ പടയപ്പക്കും പണിയായി.രാത്രി കടകള്‍ കൊള്ളയടിച്ച് കരിക്കും പഴവും കവരുന്ന പടയപ്പയോട് നാട്ടുകാര്‍ ക്ഷമിച്ചിരുന്നു.എന്നാല്‍ അടുത്തിടെ കൊള്ള പതിവായി,ആളെ വിരട്ടാ നും തുടങ്ങി. കൊലയാളി ചക്കക്കൊമ്പനും കൂടി വന്നതോടെ കളി കാര്യമായി

ഈ സാഹചര്യത്തിലാണ് കാട്ടാനകളെ തുരത്തണമെന്ന ആവശ്യം നാട്ടുകാർ ശക്തമായി മുന്നോട്ടുവച്ചത്. പടയപ്പയെ കൊണ്ടുവന്ന് കാട്ടി കാശടിക്കുന്ന ട്രക്കിംങ് ടീമുകള്‍ക്കും പണികിട്ടി. വൈൽഡ് ടൂറിസത്തിന്റെ പേരിൽ മൂന്നാറിലെ ജീപ്പ് ഡ്രൈവർമാരും, റിസോർട്ടുകളും നടത്തുന്ന ട്രക്കിംഗിനും സവാരികൾക്കും നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി കാട്ടില്‍ കറങ്ങി വന്യജീവികളെ കാണിക്കുന്നത് ടൂറിസത്തിന്‍റെ ഒരു ഐറ്റമായിരുന്നു.

Advertisement