കൊളസ്ട്രോളും മുടികൊഴിച്ചിലും, പുതിയ കണ്ടെത്തലുമായി കേരള സര്‍വകലാശാലയിലെ ഗവേഷകര്‍

Advertisement

തിരുവനന്തപുരം. മനുഷ്യ ശരീരത്തിലെ കൊളസ്ട്രോളിന്റെ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന തടസങ്ങൾ രോമകോശങ്ങളുടെ പ്രവർത്തനങ്ങൾ തകരാറിലാക്കി മുടി കൊഴിച്ചിലിന് കാരണമാകുന്നു എന്ന് ഗവേഷണ പഠനം. കേരള സർവകലാശാല ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് മുടി കൊഴിച്ചിലും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനം നടത്തിയത് .

ത്വക്കിന്റെ സാധാരണ പ്രവർത്തനങ്ങൾക്കും, മുടി വളർച്ചയുടെ രൂപീകരണത്തിലും കൊളസ്ട്രോൾ വളരെ പ്രധാനപ്പെട്ട പങ്കാണ് നിർവഹിക്കുന്നത്. കൊളസ്ട്രോളിന്റെ ഉൽപാദനം തടസപ്പെടുന്നത് ത്വക്കിന്റെ സ്വഭാവിക സമസ്ഥിതി തകരാറിലാക്കുകയും , മുടി വളർച്ചയെ ബാധിക്കുകയും ചെയ്യുന്നു. കൊളസ്ട്രോളിലുള്ള വ്യതിയാനം ഹെയർ ഫൊളിക്കിളുകൾ സ്ഥിരമായി തന്നെ നഷ്ടപ്പെടുകയും, ത്വക്കിൽ പാട് (സ്കാർ ) രൂപപ്പെടുകയും ചെയ്യുന്നു എന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ശരീരത്തിലെ പ്രധാനപ്പെട്ട ഹോർമോണായ ആൻജിയോടെൻസിന് ഹെയർ ഫോളിക്കിളിൽ ഉള്ള സ്വാധീനവും ഈ ഗവേഷണത്തിൽ ഉൾപെടുത്തിയിട്ടുണ്ട് .

മുടി കൊഴിച്ചിലിന് കാരണമാകുന്ന വിവിധ കാരണങ്ങളെ കുറിച്ചാണ് ഡോ. ശ്രീജിത്ത് നേതൃത്വം നൽകുന്ന ഗവേഷണ സംഘം പഠന വിധേയമാക്കുന്നത് . നജീബ് എസ്, ബിനുമോൻ റ്റി എം, സൂര്യ സുരേഷ്, നിഖില ലീമോൻ തുടങ്ങിയ ഗവേഷകരാണ് ഈ പഠനത്തിൽ പങ്കാളികളായത്. മുടികൊഴിച്ചിലിനെ സംബന്ധിച്ചുള്ള പഠനത്തിൽ വഴിത്തിരിവാകുന്നതാണ് കേരള സർവകലാശാലയിൽ നടന്ന ഈ പഠനം വ്യക്തമാക്കുന്നത്. ജേർണൽ ഓഫ് എൻഡോക്രൈനോളജി ആന്റ് റീപ്രൊഡക്ഷൻ എന്ന അക്കാദമിക് ജേർണലില്‍ പരീക്ഷണത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.