നായകന്മാരെപോലെ തന്നെ പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടിയവരാണ് വില്ലന്മാരും. പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ മലയാള സിനിമയിലും സംഭവിച്ചിട്ടുണ്ട്. ചില അഭിനേതാക്കള്‍ വില്ലന്‍ കഥാപാത്രങ്ങളാകാന്‍ വേണ്ടി മാത്രം ജനിച്ചവരാണെന്ന് പോലും തോന്നും. കരിയറില്‍ ഭൂരിഭാഗം സിനിമകളിലും അവര്‍ ചെയ്തിട്ടുണ്ടാകുക വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമാകും. സംഗീത് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് വില്ലന്‍ കഥാപാത്രമായി തുടക്കം കുറിച്ച ഒരു നടനുണ്ട്. മോഹന്‍ലാല്‍ നായകനായി തിളങ്ങിയ സിനിമയില്‍ രാജ്കുമാര്‍ എന്ന വില്ലന്‍ കഥാപാത്രമായി എത്തിയത് അന്യഭാഷ നടനായ ഖസാന്‍ ഖാന്‍ ആയിരുന്നു. ഒരു പക്ഷെ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമായ പേരായിരിക്കില്ല ഇത്. എന്നാല്‍ ഖസാന്‍ ഖാന്‍ സ്‌ക്രീനില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ പ്രേക്ഷരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്.
സുന്ദരന്മാരായ വില്ലന്‍ കഥാപാത്രങ്ങളായിരുന്നു ഖസാന്‍ ഖാന്‍ അവതരിപ്പിച്ചതൊക്കെ. ബോളിവുഡ് സിനിമകളിലെ അഭിനേതാക്കളുടെ രൂപഭാവങ്ങളും ആ നടനുണ്ടായിരുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ പി വാസു സംവിധാനം ചെയ്ത സെന്തമിഴ് പാട്ട് എന്ന സിനിമയിലൂടെയാണ് ഖസാന്‍ ഖാന്‍ എന്ന നടന്‍ ശ്രദ്ധേയനാകുന്നത്. പ്രഭു നായകനായ സിനിമയില്‍ ഭൂപതി എന്ന കഥാപാത്രമായിട്ടാണ് നടന്‍ അഭിനയിച്ചത്. കമല്‍ഹാസന്‍ നായകനായ കലൈജ്ഞൈന്‍ സിനിമയിലും ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു ഖസാന്‍ ഖാന് ലഭിച്ചത്. അന്‍വര്‍ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ശരത്കുമാര്‍ നായകനായ വേടന്‍ സിനിമയിലും പിന്നീട് മദന്‍ എന്ന കഥാപാത്രമായി നടനെ പ്രേക്ഷകര്‍ കണ്ടു. അതിന് ശേഷമാണ് ഖസാന്‍ ഖാന്‍ ഗാന്ധര്‍വ്വത്തിലെ വില്ലനായി മലയാളത്തിലേക്ക് തുടക്കം കുറിക്കുന്നത്.
വിജയകാന്ത് നായകനായി എത്തിയ സേതുപതി ഐപിഎസ് സിനിമയിലെ വില്ലന്‍ കഥാപാത്രം നടനെ ജനപ്രിയനാക്കി. പി വാസു സംവിധാനം ചെയ്ത സിനിമയില്‍ ശിവപ്രകാശ് എന്ന ശാന്താറാം ആയിട്ടാണ് നടന്‍ അഭിനയിച്ചത്. എന്‍ ആസൈ മച്ചാന്‍, ഡ്യൂയറ്റ്, മുറൈ മാമന്‍, വേലുച്ചാമി തുടങ്ങി നിരവധി സിനിമകളില്‍ നടന്‍ പിന്നീട് അഭിനയിച്ചു. മോഹന്‍ലാല്‍ സിനിമയില്‍ വില്ലനായതിന് ശേഷം മമ്മൂട്ടി നായകനായ ദി കിംഗ് സിനിമയില്‍ വില്ലനായിട്ടാണ് നടന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയില്‍ വിക്രം ഖോര്‍പഡേ എന്ന ശക്തനായ വില്ലന്‍ കഥാപാത്രത്തെ നടന്‍ ഗംഭീരമാക്കുകയും ചെയ്തു. ഇപ്പോഴും പ്രേക്ഷക മനസ്സുകളില്‍ നിലനില്‍ക്കുന്ന ഒരു കഥാപാത്രം കൂടിയാണ് ഖസാന്‍ ഖാന്‍ അവതരിപ്പിച്ച വിക്രം ഖോര്‍പഡേ.
ഐവി ശശി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വര്‍ണ്ണപകിട്ടിലും വില്ലനായി എത്തിയത് ഖസാന്‍ ഖാന്‍ ആയിരുന്നു. മുഹമ്മദ് അലി എന്ന കഥാപാത്രം മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ മുഖമായിരുന്നു. കോവലനില്‍ കാതലി എന്ന തമിഴ് സിനിമയില്‍ നായക തുല്യമായ വേഷത്തിലും പിന്നീട് ഖസാന്‍ ഖാന്‍ അഭിനയിച്ചു. ജനാധിപത്യം, ദി ഗ്യാങ്ങ്, സി ഐ ഡി മൂസ, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, മായാമോഹിനി തുടങ്ങിയ സിനിമകളിലും നടന്‍ മലയാളത്തില്‍ അഭിനയിച്ചു. മാസ്‌റ്റേഴ്‌സ് സിനിമയിലെ യാക്കൂബ്, രാജാധിരാജ സിനിമയിലെ ഖാലിദ്, ലൈല ഓ ലൈല സിനിമയിലെ ധര തുടങ്ങിയ കഥാപാത്രങ്ങളായും നടന്‍ തിളങ്ങി. ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ് മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ ഖസാന്‍ ഖാന്‍.