തിരുവനന്തപുരം∙ കോട്ടയം കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി. വിദ്യാർഥി പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം തീർപ്പായത്. 14 ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ടുവച്ചത്. പുതിയ ഡയറക്ടറെ ഉടൻ കണ്ടെത്തുമെന്നും അക്കാദമിക് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
‘വിദ്യാർഥികളുടെ പ്രധാന ആവശ്യം ഡയറക്ടറെ ഒഴിവാക്കുക എന്നതായിരുന്നു. അദ്ദേഹം ഇന്നലെ രാജിവച്ചു. പുതിയ ഡയറക്ടറെ നിയമിക്കുന്നതിന് സെർച് കമ്മിറ്റിയെ നിയമിച്ച് ഉത്തരവിറക്കി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ.ടി.െക. രാമചന്ദ്രനെ ചെയർമാനാക്കി ഷാജി എൻ. കരുൺ, ടി.വി.ചന്ദ്രൻ എന്നിവർ അംഗങ്ങളായാണ് സമിതിയെ നിയമിച്ചത്.
ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് സംവരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കും. ഡയറക്ടറുടെ വസതിയിൽ ജീവനക്കാരെ ജോലിക്ക് നിയമിക്കുന്നത് ഇനി ഉണ്ടാകില്ല. വിദ്യാർഥി ക്ഷേമ സമിതി എന്ന പരാതി പരിഹാര സംവിധാനം ഉണ്ടാക്കും. അക്കാദമിക് പരാതികൾ പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കും. പഠനം പൂർത്തിയാക്കിയ എല്ലാവർക്കും മാർച്ച് 31ന് മുമ്പായി സർട്ടിഫിക്കറ്റുകൾ നൽകും. കോടതിയിൽ എത്തിയ കേസുകൾ രമ്യമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യങ്ങളിൽ അനുകൂല നിലപാടുണ്ടായെന്ന് വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു. ചെയർമാൻ അടൂർ ഗോപാലകൃഷ്ണനുമായി സഹകരിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു